KeralaNEWS

ഓണത്തിന് പച്ചക്കറിയില്‍ കൈപൊള്ളില്ല; വില മുന്‍വര്‍ഷത്തേക്കാള്‍ കുറവ്

തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാര്‍ത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇല്ല. അയല്‍നാടുകളില്‍ നിന്ന് പച്ചക്കറികള്‍ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടില്‍ വ്യാപകമായി നടത്തിയ കൃഷിയില്‍ മികച്ച വിളവെടുപ്പുണ്ടായതാണ് വിലക്കയറ്റത്തിന് തടയിട്ടത്.

ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിചന്തക്കളില്‍ പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നുണ്ട്. ജില്ലയില്‍ പതിനഞ്ചോളം ഹോട്ടികോര്‍പ് ചന്തകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Signature-ad

അതേസമയം, കേരളത്തിന് പുറത്തുള്ള പച്ചക്കറി വിപണികളെവെച്ച് നോക്കിയാല്‍ ഓണം അടുത്തെങ്കിലും തമിഴ്‌നാട്ടിലെ വിപണിയില്‍ ഇത്തവണ വില കുതിച്ചുയര്‍ന്നിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ ക്കുള്ള പച്ചക്കറിയുടെ കയറ്റുമതി കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് തമിഴ്‌നാട് തേനി ജില്ലയില്‍ നിന്നുള്ള പച്ചക്കറികളാണ്.

തേവാരം, ചിന്നമന്നൂര്‍, കമ്പം, തേനി, ശീലയംപെട്ടി, വത്തലഗുണ്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ തെക്കന്‍ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നതും. എന്നാല്‍ ഓണത്തിന്റെ തിരക്ക് മാര്‍ക്കറ്റുകളില്‍ അനുഭവപ്പെടുന്നില്ല എന്നാണ് ചിന്നമന്നൂര്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നത്.

ബീന്‍സ് 30, വെള്ളരി 10, മുളക് 28, തക്കാളി 10, വെണ്ടക്ക 29, മുരിങ്ങക്ക 20, അമര പയര്‍ 13, ബീറ്റ്‌റൂട്ട് 12, ക്യാബേജ് 12, അച്ചിങ്ങ 40 എന്നിങ്ങനെയാണ് ഒരേ കിലോക്ക് നിരക്ക് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇരട്ടിയില്‍ അധികം വിലയായിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിപണിയിലെത്തി നേരിട്ട് ലേലത്തില്‍ പങ്കെടുക്കുന്നത് പതിവാണ്.എന്നാല്‍ നാളെയും മറ്റന്നാളുമായി തമിഴ്‌നാട്ടിലെ പച്ചക്കറിക്ക് ആവശ്യക്കാര്‍ കൂടുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ വിലയും കുതിച്ചുയര്‍ന്നേക്കും.

കേരളത്തിലെ പച്ചക്കറി വിപണിയില്‍ ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് അല്‍പ്പം വില കൂടുതല്‍. കാരറ്റിന് 120, ചെറുനാരങ്ങയ്ക്ക് 140, മധുരക്കിഴങ്ങിന് 100 എന്നീ ഇനങ്ങളാണ് അക്കൂട്ടത്തിലുള്ളത്. ഓണക്കാലത്ത് സാധാരണ തൊട്ടാല്‍ പൊള്ളുന്ന തക്കാളി നാടനും വരവിനും 40 രൂപയാണ്. കാബേജ്, മുരിങ്ങയ്ക്ക, സവാള, ഉരുളകിഴങ്ങ് എന്നിവ കിലോ 50 രൂപയും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: