KeralaNEWS

സിപിഎമ്മില്‍ ചേര്‍ന്നത് രണ്ടു മാസം മുന്‍പ്, പിന്നാലെ ഡിവൈഎഫ്‌ഐക്കാരന്റെ തലതല്ലിപ്പൊളിച്ചു; ഒടുവില്‍ ‘കാപ്പാ പ്രതി’ ശരണ്‍ചന്ദ്രന് സംഘടനാ ഭാരവാഹിത്തം

പത്തനംതിട്ട: ബിജെപി വിട്ട് രണ്ട് മാസം മുന്‍പ് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് ശരണിനെ തെരഞ്ഞെടുത്തത്. ഈയടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തല അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിയായ ഇയാള്‍ സിപിഎമ്മില്‍ ചേരുന്നതിന് മുന്‍പും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ആക്രമിച്ച കേസുകളില്‍ പ്രതിയാണ്.

ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയില്‍ ശരണ്‍ ചന്ദ്രനെ ഉള്‍പ്പെടുത്താനായിരുന്നു പാര്‍ട്ടി നേതൃത്വം ആദ്യം ആലോചിച്ചതെങ്കിലും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് മേഖലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി നിയമിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Signature-ad

കഴിഞ്ഞ ആഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത് ശരണ്‍ ചന്ദ്രനെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സത്കാര ചടങ്ങിനിടെയായിരുന്നു സംഭവം. എന്നാല്‍, ഭീഷണിയെ തുടര്‍ന്ന് രാജേഷ് അന്ന് പരാതി നല്‍കിയില്ലെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് പൊലീസില്‍ പരാതി കിട്ടിയത്. തുടര്‍ന്ന് നിസ്സാര വകുപ്പുകള്‍ ചുമത്തി ശരണിനെതിരെ കേസെടുത്തിരുന്നു. കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തന്നെ ഇയാള്‍ ആക്രമിച്ചത്. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റയി ശരണ്‍ ചന്ദ്രനെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: