ചെന്നൈ: ജീവനക്കാരുടെ മോശം സമീപനത്തിന്റെ പേരില്‍ മാട്രിമോണിയല്‍ വെബ് സൈറ്റിന് നഷ്ടമാകുന്നത് 10,000 രൂപ. ഉപയോക്താവിനോട് നിഷേധാത്മകമായ പെരുമാറിയതിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുപ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. ഇതിനൊപ്പം ഉപയോക്താവ് രജിസ്‌ട്രേഷന്‍ ഫീസായി നല്‍കിയ 3766 രൂപയും നല്‍കണം. മകന് വേണ്ടി വധുവിനെ കണ്ടെത്താന്‍ വെബ് സൈറ്റിന്റെ സേവനം തേടിയ ഇന്ദിര റാണിയുടെ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ ഉത്തരവ്.
വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും മകന് 33 വയസ്സുള്ളതിനാല്‍ വിധവകള്‍, വിവാഹമോചിതര്‍ എന്നിവരുടെ ആലോചന മാത്രമെ വരുകയുള്ളുവെന്ന് ജീവനക്കാര്‍ ഇന്ദിര റാണിയെ അറിയിച്ചു. ഇതില്‍ താത്പര്യമില്ലെന്നും അതിനാല്‍, പണം തിരിച്ചുതരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആദ്യം ഇതിന് സമ്മതിച്ചുവെങ്കിലും പിന്നീട് ചെക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ചെക്ക് നല്‍കിയങ്കെിലും പണം നല്‍കാന്‍ തയ്യാറായില്ല. പകരം മോശമായി പെരുമാറുകയായിരുന്നു.
നോട്ടീസ് നല്‍കിയെങ്കിലും പ്രതികരിക്കാതെ വന്നതോടെ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരി നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടത്. ഉത്തരവ് തീയതി മുതല്‍ പണം നല്‍കുന്നത് വരെ എട്ട് ശതമാനം വാര്‍ഷിക നിരക്കില്‍ പലിശ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.