KeralaNEWS

ജീവന് ഭീഷണിയുണ്ടെന്ന് പി.വി. അന്‍വര്‍; തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി

മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി.വി. അന്‍വര്‍ എംഎല്‍എ. എ.ഡി.ജി.പി.ക്ക് എതിരായ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പി.വി. അന്‍വര്‍ തോക്ക് ലൈസന്‍സിനായി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്.

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ തിങ്കളാഴ്ചയും പി.വി. അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്നും കവടിയാറില്‍ അദ്ദേഹം കൊട്ടാരം പോലെയുള്ള വലിയ വീട് നിര്‍മിക്കുന്നുണ്ടെന്നുമായിരുന്നു എം.എല്‍.എ.യുടെ പുതിയ ആരോപണം. സ്വര്‍ണക്കടത്തില്‍ അടക്കം എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച എം.എല്‍.എ, തിങ്കളാഴ്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദസന്ദേശവും പുറത്തുവിട്ടു.

Signature-ad

അതേസമയം, തന്റെ വെളിപ്പെടുത്തലുകള്‍ തത്കാലത്തേക്ക് നിര്‍ത്തുകയാണെന്നായിരുന്നു തിങ്കളാഴ്ച പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വെളിപ്പെടുത്തലിന്റെ ഒന്നാംഘട്ടം ഇവിടെ അവസാനിപ്പിക്കുകയാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: