KeralaNEWS

എകെജി സെന്ററിന് മുന്നില്‍ സമരം നടത്തുന്നതില്‍ ഭിന്നത? മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ സത്യഗ്രഹം മാറ്റി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് ലൈംഗിക പീഡന കേസില്‍ പ്രതിയായ മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നില്‍ നടത്താനിരുന്ന സമരം മാറ്റി. തീരുമാനം വിപുലമായ സമരം ആലോചിക്കുന്നതിനാലെന്ന് വിശദീകരണം. മുകേഷിന്റെ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് കൂടി അറിയേണ്ടതുണ്ട്. സമരത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കെ.അജിത അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്റെ സംഘാടകര്‍.

സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് എന്ന പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, എകെജി സെന്ററിന് മുന്നില്‍ സമരം നടത്തുന്നതിനോട് ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിയോജിപ്പാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.

Signature-ad

സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ പ്രസ്താവന

ബലാത്സംഗക്കേസില്‍ പ്രതിയായ എം.എല്‍.എ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്കകത്തു നിന്നും മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.ഐയില്‍ നിന്നും ശക്തമായ അഭിപ്രായം ഉണ്ടായിട്ടും അതിനു തയ്യാറാകാതിരിക്കുകയാണ് കേരളത്തിലെ സി.പി.എം. ബി.ജെ.പിയിലും കോണ്‍ഗ്രസിലും, ആം ആദ്മിയിലും തൃണമൂല്‍ കോണ്‍ഗ്രസിലുമൊക്കെ ബലാത്സംഗക്കുറ്റവാളികളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരുമായ ജനപ്രതിനിധികള്‍ ഉണ്ട്. ആ കണക്കുകള്‍ പറഞ്ഞു കൊണ്ട് കുറ്റാരോപിതരായ എം.പിമാരോ എം.എല്‍.എമാരോ രാജി വെച്ച മുന്‍ കാല അനുഭവങ്ങള്‍ ഇല്ലാത്തതിനാല്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന കമ്മറ്റിയുടെത്. ഇത് ഇടതു പക്ഷ ധാര്‍മ്മികതയോടുള്ള അവഹേളനവും ജനാധിപത്യവിരുദ്ധവുമാണ്.

സി.പി.എം സംസ്ഥാന കമ്മറ്റി രാജി ആവശ്യം അസന്നിഗ്ദ്ധമായി തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ ഐക്യപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആ നിലപാടിനെതിരെ കേരളത്തിനകത്തും പുറത്തും ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. ബ്രിജ് ഭൂഷണ്‍ അടക്കമുള്ളവര്‍ക്കെതിരെ രാജി ആവശ്യമുന്നയിച്ച സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെയടക്കം നിലപാടുകള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് മുകേഷിന് സംരക്ഷണമുയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തെ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ തുറന്നുകാട്ടാന്‍ വിപുലമായ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ 2/9/24 ന് സ്ത്രീക്കൂട്ടായ്മ തിരുവനന്തപുരത്ത് എകെജി സെന്ററിന് മുമ്പില്‍ നടത്താന്‍ തീരുമാനിച്ച സത്യഗ്രഹം തല്‍ക്കാലം മാറ്റിവെക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു.

സ്ത്രീക്കൂട്ടായ്മയ്ക്ക് വേണ്ടി

കെ.അജിത ,എം .സുല്‍ഫത്ത് ,കുസുമം ജോസഫ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: