പത്തനംതിട്ട: പി.വി. അന്‍വര്‍ എംഎല്‍എയുമായുള്ള പത്തനംതിട്ട എസ്പി: സുജിത് ദാസിന്റെ വിവാദ ഫോണ്‍ വിളിയില്‍ എഡിജിപി: എം.ആര്‍.അജിത് കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നെന്നായിരുന്നു അന്‍വറിനോട് എസ്പി സുജിത് ദാസ് പറഞ്ഞത്. സുജിത് ദാസിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റുമെങ്കിലും കടുത്ത നടപടിയുണ്ടാവില്ലെന്നും വിവരമുണ്ട്. വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക
മൂന്നു ദിവസം അവധിയില്‍ പ്രവേശിച്ച എസ്പി സുജിത്ദാസിനെ തിരികെ പത്തനംതിട്ടയില്‍ നിയോഗിക്കില്ലെന്നാണു വിവരം. ഇന്നലെ എഡിജിപി എം.ആര്‍.അജിത്കുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സുജിത്ദാസ് എത്തിയെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താല്‍ എഡിജിപിയെയും മാറ്റേണ്ടിവരും. എഡിജിപിക്കെതിരെ വന്ന പരാതികള്‍ ഡിജിപി സര്‍ക്കാരിനു കൈമാറും. അന്‍വറിനെതിരായ എഡിജിപിയുടെ പരാതിയിലും നടപടിയെടുക്കാനിടയില്ല.
പി.വി.അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. തനിക്കെതിരെയുള്ള പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നല്‍കി. ഇതുകൂടാതെ 4 പരാതികള്‍ ഡിജിപിക്ക് ഇമെയില്‍ വഴി ലഭിച്ചിട്ടുണ്ട്. ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ശബ്ദരേഖ തെളിവാക്കി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്കു സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാനാകും. അതിനാലാണു സര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിനു തയാറായത്. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ തെളിവായി സ്വീകരിക്കാമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശവുമുണ്ട്.