KeralaNEWS

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; പരിക്കേറ്റ് വീണ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

തൊടുപുഴ: കാട്ടാനകള്‍ കൊമ്പു കോര്‍ത്തതിനെ തുടര്‍ന്നു പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലന്‍ കൊമ്പു കോര്‍ത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലന്‍. വനം വകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് വിവരം.

ചിന്നക്കനാല്‍, പൂപ്പാറ, ശാന്‍പാറ മേഖലകളില്‍ നാശം വിതയ്ക്കുന്ന കാട്ടാനകളാണ് ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനും. കഴിഞ്ഞ ദിവസമാണ് കാട്ടാനകള്‍ പരസ്പരം ഏറ്റുമുട്ടിയത്.

Signature-ad

ശനിയാഴ്ച പുലര്‍ച്ചയോടെ ചിന്നക്കനാല്‍ വലക്കിനു സമീപത്തുള്ള അറുപതേക്കര്‍ ചോലയിലാണ് ആനയെ പരിക്കേറ്റു വീണ നിലയില്‍ കണ്ടെത്തിയത്. ആനയുടെ ദേഹത്ത് 15 കുത്തുകള്‍ ഏറ്റിരുന്നു. പിന്‍ഭാഗത്തും കാലിനുമേറ്റ പരിക്ക് ഗുരുതരമായിരുന്നു.

21നും ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇടത്തെ കാലിനേറ്റ പരിക്കിനെ തുടര്‍ന്നു മുറിവാലന്‍ നടക്കാന്‍ ബുദ്ധിമുട്ടി. ഇതോടെയാണ് വനം വകുപ്പ് ആനയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

ആനകള്‍ തമ്മില്‍ പിന്നീടും ഏറ്റുമുട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകല്‍ ചിന്നക്കനാല്‍ ഭാഗത്ത് മറിവാലനെ നാട്ടുകാര്‍ കണ്ടിരുന്നു. ആ സമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശ നിലയിലായ ആന ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വീണത്. ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ മേഖലയില്‍ തുടരുകയാണ്.

 

Back to top button
error: