തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജന്‍ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.
കണ്ണൂരില്‍ നേരത്തേ പ്രഖ്യാപിച്ച പാര്‍ട്ടി പരിപാടികളോ പൊതുപരിപാടികളോ ഇ.പി.ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിര്‍ദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചര്‍ച്ചകള്‍ തന്റെ സാന്നിധ്യത്തില്‍ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു സൂചന.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വന്‍ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതില്‍ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നത്തെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതല്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പി.കെ.ശശിക്കെതിരായ നടപടിയും ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ക്കാണ് തിരിതെളിച്ചത്. ബിജെപിയില്‍ ചേരാന്‍ നേതാക്കളുമായി ഇ.പി ചര്‍ച്ച നടത്തിയെന്ന ആരോപണം സാങ്കേതികമായി പിണറായിയും എം.വി.ഗോവിന്ദനും തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് സമയത്തും പോലും ഇ.പി കാണിക്കുന്ന ജാഗ്രതക്കുറവിനെ നേതൃത്വം ഗൗരവത്തിലെടുത്തതിന്റെ തെളിവായിരുന്നു പരസ്യ പ്രതികരണം. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി.ജയരാജന്‍ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല.