KeralaNEWS

ഡോ. വേണുവിന് യാത്രയയപ്പ്: വിരമിക്കുന്ന  ചീഫ് സെക്രട്ടറിയുടെ മഹത്വം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

     ഡോ. വി വേണു വൈദ്യശാസ്ത്ര ഡോക്ടര്‍, നാടക കലാകാരന്‍, ഉദ്യോഗസ്ഥ പ്രമുഖന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും സാധാരണ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവില്‍ ഇല്ലാത്ത ഒരു പ്രത്യേകതയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Signature-ad

കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥപ്രമുഖന്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്ത നിര്‍വഹണത്തെ തെല്ലും ബാധിക്കാതെ നോക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മാത്രമല്ല ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോള്‍ അദ്ദേഹത്തിന് ഏറെ  ഗുണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം വകുപ്പുകള്‍ക്ക് ജനപ്രിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന  പേരുകള്‍ നല്‍കുന്നതിലും ഒക്കെ ഇതു പ്രയോജനപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്‍പതോളം നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, ഷേക്സ്പിയറുടെ ‘മക്ബേത്തി’ലെ ഡങ്കന്‍ രാജാവിനെ വേദിയില്‍ തെളിമയോടെ അവതരിപ്പിച്ചു കയ്യടി വാങ്ങിയിട്ടുള്ള കലാകാരനാണ് വേണു എന്നത് അധികം പേര്‍ക്ക് അറിയുമെന്നു തോന്നുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിജയ് ടെണ്ടുല്‍ക്കറുടെ ‘സഖരം ബൈന്‍ഡറി’ലെ ഷിന്‍ഡെ, അയ്യപ്പപ്പണിക്കരുടെ ‘പാളങ്ങളി’ലെ അധികാരി, ‘ഭഗവദജ്ജൂക’ത്തിലെ യമരാജന്‍ തുടങ്ങിയ വേഷത്തിലും  തിളങ്ങിയിട്ടുണ്ട് ചീഫ് സെക്രട്ടറി എന്നും അഭിപ്രായപ്പെട്ടു.

ഡോക്ടര്‍ എന്ന നിലയ്ക്കുള്ള വി. വേണുവിന്റെ സേവനവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഡോക്ടര്‍മാര്‍  സമരത്തിനുപോയ ഒരു വേളയില്‍, ചികിത്സ കിട്ടാതെ വലഞ്ഞ രോഗികള്‍ക്ക് ആശ്വാസം ചൊരിഞ്ഞ സംഭവമാണ് പ്രസംഗത്തിൽ പരാമർശിച്ചത്. മൂവാറ്റുപുഴയില്‍ ഡോ. വേണു സബ് കലക്ടര്‍ ആയിരുന്നപ്പോഴായിരുന്നു അത്. താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ പണിമുടക്കിയപ്പോള്‍ രോഗികള്‍ വലഞ്ഞു. അവരുടെ വിഷമം അറിഞ്ഞാണ്, പണ്ടെന്നോ അഴിച്ചുവെച്ച സ്റ്റെതസ്‌കോപ് അദ്ദേഹം വീണ്ടുമെടുത്തത്.

അങ്ങനെ സബ് കലക്ടര്‍ ഒ പി വിഭാഗത്തിലെത്തി, അമ്പതോളം രോഗികളെ പരിശോധിച്ചു. സമരം പൊളിക്കാനല്ല, വിഷമത്തിലായ രോഗികള്‍ക്ക് ആശ്വാസം കൊടുക്കാനാണ് ശ്രമിച്ചതെന്ന്, ഡോ. വേണു അന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് ഐ എ എസ് ലഭിച്ച രണ്ടാമത്തെ എം ബി ബി എസ് ബിരുദധാരിയാണ് ഡോ. വി വേണു.  മുന്‍ഗാമി ഡോ. ആശാ തോമസ് ആണ്.

സിവില്‍ സര്‍വീസില്‍ നിരവധി ഭാര്യാ-ഭര്‍ത്താക്കന്മാർ ഉണ്ടായിട്ടുമുണ്ട്. ചിലരൊക്കെ കലക്ടര്‍ ചുമതല പരസ്പരം കൈമാറിയിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വ്യത്യസ്ത കാലങ്ങളില്‍ വകുപ്പുകളുടെ തലപ്പത്ത് എത്തുകയും ചീഫ് സെക്രട്ടറിമാര്‍ ആവുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ്. ആ ഒരു സവിശേഷത കൂടി ഈ യാത്രയയപ്പു സമ്മേളനത്തിനുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഡോ. വേണുവിന്റെ പ്രാധാന്യം കേരളം കൂടുതലായി അറിഞ്ഞത്, ദുരന്തമുണ്ടായ വേളകളില്‍ തന്നെയാണ്. വയനാട് ദുരന്തമുണ്ടായ സമയത്ത് ഏകോപനങ്ങള്‍ക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നല്‍കി എന്നതു എല്ലാവരും കണ്ടു. അവിടെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തില്‍ അതിന്റെ ഗൗരവം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കൃത്യമായി വിശദമാക്കിക്കൊടുത്ത  വേണുവിനെയും കേരളം കണ്ടു.

2018 ലെ പ്രകൃതിദുരന്ത ഘട്ടത്തിലും നമ്മള്‍ ഇതു കണ്ടു. അന്നു ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു വേണു. പുനരധിവാസം സജ്ജമാക്കി ആ പ്രദേശങ്ങളെ മാറ്റിയെടുക്കുന്നതില്‍, പുനരധിവാസം സാധ്യമാക്കുന്നതില്‍, അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനെ നയിക്കുന്നതില്‍ ഒക്കെ അദ്ദേഹം അര്‍പ്പണബോധത്തോടെ  പ്രവര്‍ത്തിച്ചു.

അന്ന് പുനര്‍നിര്‍മ്മാണത്തിനുള്ള ലോകബാങ്ക് സഹായം വിജയകരമാംവിധം ചര്‍ച്ച ചെയ്തുറപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നയരേഖകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാതൃകാപരമാം വിധമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സിവില്‍ സര്‍വീസില്‍ കടന്നു വരുന്നവര്‍ക്ക് മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേണുവിന് കലയോടുള്ള അഭിമുഖ്യം നാടിനാകെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 2007 മുതൽ  2011 വരെയുള്ള കാലത്ത് സാംസ്‌കാരികകാര്യവകുപ്പു സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ച സന്ദര്‍ഭത്തിലാണ് ‘ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള’ ആരംഭിച്ചത്. കേരളം എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

അപെക്സ് സാംസ്‌കാരിക സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, ആര്‍ക്കൈവുകള്‍, മ്യൂസിയങ്ങള്‍ എന്നിവയുടെ ചുമതലയുള്ള കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായും വേണു പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ദേശീയ മ്യൂസിയത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിച്ച് പല പുതിയ പ്രോജക്ടുകളും കേരളത്തിലേക്കു കൊണ്ടുവരാനും മ്യൂസിയം പ്രവര്‍ത്തനം അക്കാദമിക് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി കൂടുതല്‍ ചൈതന്യവത്താക്കാനും അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ മ്യൂസിയങ്ങളും ആര്‍ക്കൈവുകളും നവീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ മൗലികമായ ചിന്ത വലിയ പങ്കു വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവല്‍ മാര്‍ട്ടായ ‘കേരള ട്രാവല്‍ മാര്‍ട്ട്’ വേണുവിന്റെ ആശയമായിരുന്നുവെന്ന കാര്യവും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ടൂറിസം സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ച ഘട്ടത്തില്‍ വിനോദസഞ്ചാര ലോകഭൂപടത്തില്‍ കേരളത്തിനു മിഴിവുറ്റ സ്ഥാനം കൈവന്ന കാര്യവും എടുത്തുപറയണം. ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിന്‍, റെസ്പോണ്‍സിബിള്‍ ടൂറിസം എന്നിവയിലും  വേണുവിന്റെ വ്യക്തിമുദ്ര പതിഞ്ഞു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച വേണു, സി ആര്‍ ഇസ്സഡ് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഭാഗത്തിന്റെ തലപ്പത്തുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിലും സംസ്ഥാന കാലാവസ്ഥാ അഡാപ്റ്റേഷന്‍ മിഷന്‍ സ്ഥാപിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

കലാപ്രവര്‍ത്തനവും ഭരണപ്രവര്‍ത്തനവും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു  വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയുക്ത ചീഫ് സെക്രട്ടറിയും വി വേണുവിന്റെ ഭാര്യവുമായ ശാരദ മുരളീധരൻ ചടങ്ങിന് സ്വാഗതം പറഞ്ഞത് കൗതുകമായി.

34 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് ഡോക്ടർ വി വേണു പടിയിറങ്ങുന്നത്. സബ് കലക്ടറായി സർവീസിൽ എത്തി ചീഫ് സെക്രട്ടറി സ്ഥാനം വരെ എത്തിയാണ് പാടിയിറക്കം .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: