ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആം ആദ്മിയിലേക്ക് തിരികയെത്തിയിരിക്കുകയാണ് ഡല്‍ഹി കൗണ്‍സിലറായ രാമചന്ദ്ര. മുന്‍ ബവാന എം.എല്‍.എയും നിലവിലെ വാര്‍ഡ് 28 കൗണ്‍സിലറുമായ രാമചന്ദ്ര ഈ ആഴ്ച ആദ്യമാണ് എഎപി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. വ്യാഴാഴ്ച വീണ്ടും ആം ആദ്മിയില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ കൗണ്‍സിലര്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന തെറ്റെന്നാണ് തന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്.
”ബി.ജെ.പിയിലേക്ക് പോയതിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സ്വപ്നം കണ്ടു. ആം ആദ്മി പാര്‍ട്ടി വിട്ടതിന് തന്നെ ശാസിക്കുകയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാല്‍ റായ്, ഡോ സന്ദീപ് പഥക്, മറ്റ് എ.എ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തുവെന്ന്” രാമചന്ദ്ര പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുമായും ഘടകകക്ഷികളുമായും വീണ്ടും ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കെജ്രിവാള്‍ തന്നോട് ഉപദേശിച്ചതായി അദ്ദേഹം പരാമര്‍ശിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നത് തന്റെ പിഴവാണെന്ന് സമ്മതിച്ച രാമചന്ദ്ര, തന്റെ രാഷ്ട്രീയ കുടുംബത്തിലേക്ക് മടങ്ങിയെത്തി പ്രായശ്ചിത്തം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
‘ഞാന്‍ ആം ആദ്മി പാര്‍ട്ടി സഹപ്രവര്‍ത്തകനും മുന്‍ ബവാന എം.എല്‍.എയുമായ രാമചന്ദ്രയെ കണ്ടു. ഇന്ന് അദ്ദേഹം ആം ആദ്മി കുടുംബത്തിലേക്ക് മടങ്ങിയെത്തി. ചില വ്യക്തികള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാമചന്ദ്ര പറഞ്ഞു” ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്‌സില്‍ കുറിച്ചു. ”തെറ്റിദ്ധരിക്കപ്പെട്ടതിനാല്‍ ഇനി അവരുടെ സ്വാധീനത്തില്‍ വീഴില്ലെന്ന് ഞാന്‍ ഇന്ന് പ്രതിജ്ഞ ചെയ്യുന്നു,” സിസോദിയയുടെയും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ രാമചന്ദ്ര പ്രഖ്യാപിച്ചു.