IndiaNEWS

”ബാലതാരമായിരുന്നപ്പോള്‍ ലൈംഗികോപദ്രവത്തിന് ഇരയായി, സുരേഷ് ഗോപി ചോദിക്കുന്ന തെളിവ് എങ്ങനെ നല്‍കും?”

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മലയാള സിനിമയിലെ പല പ്രധാന നടന്മാരും കേസില്‍ പെട്ടിരിക്കുകയാണ്. അതിനിടെ തമിഴ് ടെലിവിഷന്‍ മേഖലയില്‍ വ്യാപകമായ ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടിയും സീരിയല്‍ നിര്‍മാതാവുമായ കുട്ടി പത്മിനി. ബാലതാരമായപ്പോള്‍ തനിക്കുണ്ടായ അനുഭവവും എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ തുറന്നുപറയുന്നുണ്ട്. ലൈംഗികോപദ്രവം കാരണം ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

‘സംവിധായകരും സാങ്കേതിക വിദഗ്ധരും വനിതാകലാകാരികളില്‍ നിന്ന് ലൈംഗികത ആവശ്യപ്പെടുന്നു. ലൈംഗിക പീഡനം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പലരും പരാതിപ്പെടുന്നില്ല. എന്നാല്‍ മറ്റുചിലര്‍ കൂടുതല്‍ പണം കിട്ടുമെന്നതിനാല്‍ എല്ലാ പീഡനവും സഹിക്കും. ഡോക്ടര്‍മാര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവപോലുള്ള ഒരു ജോലിയാണ് അഭിനയവും. എന്നാല്‍ അവിടെമാത്രം എന്തുകൊണ്ട് മാംസക്കച്ചവടത്തിന്റേതാകുന്നു. ഇത് വലിയ തെറ്റാണ്’ പത്മിനി പറഞ്ഞു.

Signature-ad

അനുഭവങ്ങള്‍ തുറന്നുപറയുകയോ പരാതി നല്‍കുകയോ ചെയ്താല്‍ നിരോധനം ഉണ്ടാകുമെന്ന് ഗായിക ചിന്മയിക്കും നടി ശ്രീ റെഡ്ഢിക്കുമെതിരെയുള്ള നിരോധനം ചൂണ്ടിക്കാട്ടി കുട്ടി പത്മിനി വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരെയുള്ള നിരോധനത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. ബാലതാരമായിരുന്നപ്പോള്‍ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനെതിരെ അമ്മ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഹിന്ദി സിനിമാ മേഖലയില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും അവര്‍ പറഞ്ഞു.

‘തമിഴ് സിനിമയിലെ ലൈംഗികോപദ്രവ പീഡനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കുന്നില്ല. സുരേഷ്ഗോപി തെളിവ് എവിടെയെന്ന് ചോദിച്ചുവെന്ന് ഞാന്‍ വായിച്ചു. എങ്ങനെയാണ് ഇതിനൊക്കെ തെളിവ് നല്‍കാന്‍ കഴിയുക. സിബിഐ ചെയ്യുന്നപോലുള്ള നുണപരിശോധന നടത്താനാവുമോ? കുട്ടി പത്മിനി ചോദിച്ചു.

അതേസമയം, തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉള്‍പ്പടെയുള്‌ല മനുഷ്യാവകാശ ധ്വംസനങ്ങള്‍ പരിശോധിക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം പത്തുദിവസത്തിനകം കമ്മിറ്റി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറിയായ നടന്‍ വിശാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത മോശം ആവശ്യങ്ങളുമായി സമീപിക്കുന്ന പുരുഷന്മാര്‍ തമിഴ് സിനിമയിലുമുണ്ടെന്നും വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ,തമിഴ് സിനിമാ മേഖലയില്‍ നിന്ന് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് മന്ത്രി സ്വാമിനാഥന്‍ പറയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: