ന്യൂഡല്‍ഹി: ലൈംഗികപീഡനാരോപണം ഉന്നയിക്കപ്പെട്ട നടന്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടെന്ന സി.പി.എം നിലപാടിനെതിരെ പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതികരണം. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
കോണ്‍ഗ്രസ് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, എം. വിന്‍സന്റ് എന്നിവര്‍ക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇരുവരും രാജിവെച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മുകേഷും രാജിവെക്കേണ്ടതില്ല എന്ന നിലപാട് സി.പി.എം സ്വീകരിച്ചത്. മുന്നണി കണ്‍വീനര്‍ തന്നെ ഇത് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് ബാലിശമായ വാദമാണെന്നാണ് ബൃന്ദാ കാരാട്ട് ലേഖനത്തില്‍ പറയുന്നത്.
നിങ്ങള്‍ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന നിലപാട് തെറ്റാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പീഡനാരോപണം ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് ഇവരെ സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ ഇവരെ പിന്തുണക്കുന്നുവെന്നും ബൃന്ദ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് മുകേഷ് വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുന്നയിക്കുന്നത്.