അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം. പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്നാണ് ഒളിക്യാമറകള്‍ കണ്ടെത്തിയത്. കൃഷ്ണന്‍ ജില്ലയിലെ ഗുഡ്വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം.
ഒളിക്യാമറ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ വീഡിയോകള്‍ രഹസ്യമായി പകര്‍ത്തിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട്, ദൃശ്യങ്ങള്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുകയും ചെയ്തു. സംഭവത്തില്‍, അവസാന വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 300-ലധികം ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയില്‍ പകര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച വിദ്യാര്‍ഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടര്‍ന്ന് വീണതോടെ ആണ് വിഷയം പുറത്തറിയുന്നത്. അന്നു വൈകിട്ട് മുതല്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധത്തിലാണ്. പ്രദേശവാസികളും വിഷയത്തില്‍ രോഷാകുലരാണ്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണമെന്നുമാണ് ഇവരുടെ ആവശ്യം.