KeralaNEWS

കണ്ണൂരില്‍ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥിസംഘര്‍ഷം; 29 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഇടപെട്ട് പോലീസ്

കണ്ണൂര്‍: കോട്ടയം മലബാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട പ്ലസ് വണ്‍, പ്ലസ്ടു വിഭാഗത്തിലുള്ള 29 വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യും. സ്‌കൂളില്‍ ചേര്‍ന്ന അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനം.

സ്‌കൂളില്‍ കയറി അനധികൃതമായി വീഡിയോ ചിത്രീകരിച്ച് സമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കും. വ്യാഴാഴ്ച മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.

Signature-ad

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11-ന് ഇടവേള സമയത്തായിരുന്നു പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും പരിക്കേറ്റിരുന്നു. സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളും ഫര്‍ണിച്ചറും മറ്റും തകര്‍ത്തിരുന്നു.

ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂളില്‍ നേരത്തേയും സംഘര്‍ഷമുണ്ടായിരുന്നു. പി.ടി.എയും പോലീസും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി വീണ്ടും അക്രമം നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 21 വിദ്യാര്‍ഥികളുടെ പേരില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്തിരുന്നു.

സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും സംഘര്‍ഷത്തിന് സാക്ഷികളായ അധ്യാപകരില്‍നിന്ന് മൊഴിയെടുത്തുമാണ് അച്ചടക്ക സമിതി തീരുമാനമെടുത്തത്. യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് ടി.കെ. ഷെമീം അധ്യക്ഷത വഹിച്ചു.

Back to top button
error: