കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2012ല്‍ ബംഗളൂരുവില്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവ് അദ്ദേഹം തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങള്‍ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്. താന്‍ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറയുന്നു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.
”സംവിധായകന്‍ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമില്‍ ചെന്ന എന്നോട് നഗ്‌നനായി നില്‍ക്കാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്, അത് രേവതി ആണ്. നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മില്‍ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവര്‍ക്ക് അയച്ചുകൊടുത്തു.
ഞാന്‍ ചോദിച്ചു ആര്‍ക്കാണ് അയക്കുന്നത് എന്ന്. അപ്പോള്‍ രഞ്ജിത്ത് പറഞ്ഞു രേവതിക്കാണ് അയച്ചത്. നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിക്ക് ഇഷ്ടമായി എന്ന്. അന്ന് ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലോക്കേഷന്‍ പാക്കപ്പ് നടക്കുന്ന സമയമാണ്. അതിന്റെ ഓഡിയോ ലോഞ്ചോ മറ്റോ ആയി ബന്ധപ്പെട്ടാണ് ആള് അന്ന് അവിടെ ഉണ്ടായിരുന്നത്.” -യുവാവ് പറയുന്നു.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം.
ബംഗാളി നടിയായ ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു.രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊടുകയും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ആയിരുന്നു മിത്രയുടെ ആരോപണം. ഇതിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്കൊടുവിലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദത്തില്‍ നിന്നും രഞ്ജിത്ത് രാജിവച്ചത്.