CrimeNEWS

ഏറ്റവും ഗൗരവം സിദ്ദിഖിനെതിരായ വെളിപ്പെടുത്തല്‍; നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അറസ്റ്റ്

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ ഏറ്റവും ഗൗരവമേറിയതാണു നടന്‍ സിദ്ദിഖിനെതിരെയുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ ഡിജിപിക്ക് ഇമെയില്‍ വഴി യുവനടി പരാതി അയച്ചത്. പീഡനം നടന്ന ഹോട്ടല്‍, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതില്‍ കേസ് അവിടെ രജിസ്റ്റര്‍ ചെയ്തു. ഇവിടത്തെ വനിതാ എസ്‌ഐ: എന്‍.ആശാചന്ദ്രനെ അന്വേഷണ സംഘത്തിലുള്‍പ്പെടുത്തി.

സിദ്ദിഖിനെതിരെ വിശദമായ പരാതിയും മൊഴിയും യുവനടി നല്‍കിയതോടെയാണ് ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യുമ്പോള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിദ്ദിഖിന് അറസ്റ്റ് നേരിടേണ്ടി വരും. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ താന്‍ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തി. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്.

Signature-ad

തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് ഹോട്ടലിലേക്കു വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ‘മോളേ’ എന്നു വിളിച്ചാണ് സിദ്ദിഖ് തന്നെ അഭിസംബോധന ചെയ്തത്. ഹോട്ടലിലെത്തിയ തന്നെ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു; ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടു. വിവരം പുറത്തറിയിച്ചാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടി.

8 വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുക ബുദ്ധിമുട്ടാണ്. പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പറഞ്ഞ ദിവസം സിദ്ദിഖ് മുറിയെടുത്തതിന്റെ തെളിവുകള്‍ ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചു സ്ഥിരീകരിക്കാനാണു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: