KeralaNEWS

കേസ്, പ്രതിഛായ നഷ്ടം, ജില്ലാ നേതൃത്വവുമായി അകല്‍ച്ച; മുകേഷിനെ സിപിഎം കൈവിടുമോ?

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ മുകേഷ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ താരത്തെ സി.പി.എം. കൈവിട്ടേക്കും. മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ കേസെടുത്തതിന് സമാനമായ സാഹചര്യമാണ് മുകേഷും അഭിമുഖീകരിക്കുന്നത്.

നിലവില്‍ പരസ്യമായി മുകേഷിനെ തള്ളിപ്പറയില്ലെങ്കിലും താരത്തിനെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വരേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നാണ് വിവരം. കേസിന്റെ പശ്ചാത്തലത്തില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നുള്ളതാണ് രാഷ്ട്രീയ എതിരാളികള്‍ ഉറ്റുനോക്കുന്നത്.

Signature-ad

നിലവില്‍ രാജിവെക്കാന്‍ മുകേഷിനോട് പാര്‍ട്ടി ആവശ്യപ്പെടില്ല. പകരം രാജി ആവശ്യത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പള്ളിക്കും എം. വിന്‍സന്റിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധിക്കുന്നത്. ആരോപണങ്ങളും കേസും വന്നപ്പോളും ഇരുവരും രാജിവെച്ചിരുന്നില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ചൂണ്ടിക്കാണിച്ചത്. പക്ഷെ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതിന് മുന്നെ ഒരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും.

നിലവില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായി മുകേഷ് അത്ര നല്ല ബന്ധത്തിലല്ല. പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നതുള്‍പ്പെടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൂടി ആയപ്പോള്‍ പാര്‍ട്ടിയും മുകേഷും തമ്മിലുള്ള അകലം കൂടിയിരുന്നു. ഇതിനിടെയാണ് ലൈംഗികാതിക്രമ കേസ് വരുന്നത്.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഇതിനകം തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. സിപിഐ നേതാവ് ആനിരാജയും മുകേഷിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷചിന്തകര്‍ ഒപ്പിട്ട് പ്രസ്താവനയിറക്കിയിറക്കുകയും ചെയ്തിരുന്നു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര നയരൂപീകരണ സമിതി അംഗത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുകേഷിനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. വിഷയം പാര്‍ട്ടിയുടെ കൈവിട്ട് പോകുന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മുന്‍ ഭാര്യ സരിതയുടെ പഴയ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പ്രചരിക്കുന്നുണ്ട്.

മുകേഷിനെ സംരക്ഷിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് കൊല്ലത്തെ പാര്‍ട്ടി നേതൃത്വം കരുതുന്നത്. അതേസമയം മുകേഷ് രാജിവെക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സിപിഎം ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: