IndiaNEWS

കേന്ദ്രത്തിന്റെ ഓണസമ്മാനം; പാലക്കാട്ട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട് സിറ്റി, 51,000 പേര്‍ക്ക് ജോലി

ന്യൂഡല്‍ഹി: പാലക്കാട്ട് വ്യവസായ സ്മാര്‍ട് സിറ്റി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിച്ച് സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട്ട് വരുക. 3806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാര്‍ട് സിറ്റി വരുക. സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്നാണിത്.

Signature-ad

ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍ വരുന്നത്. ആകെ 28,602 കോടി രൂപയാണ് ചെലവ്.

വികസിത് ഭാരത് പദ്ധതി പ്രകാരമാണ് വ്യവസായ സ്മാര്‍ട് സിറ്റികള്‍ വരുന്നത്. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതികളിലൂടെ 12 ലക്ഷം പേര്‍ക്ക് നേരിട്ടും 20 ലക്ഷത്തിലേറെപ്പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും. രാജ്യത്തെ 100 നഗരങ്ങളിലോ നഗരങ്ങളോട് ചേര്‍ന്നോ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Back to top button
error: