കൊച്ചി: വെള്ളിയാഴ്ച സംഘടനാ ആസ്ഥാനത്തു വാര്‍ത്താസമ്മേളനം നടത്തി നിലപാടു വ്യക്തമാക്കിയ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിനു തന്നെ ആരോപണങ്ങളുടെ മൂര്‍ച്ചയില്‍ അരങ്ങൊഴിയേണ്ടി വന്നത് 506 അംഗങ്ങളുള്ള സംഘടനയ്ക്കു കടുത്ത ക്ഷീണമായി. യുവനടിയുടെ ആരോപണം പൊലീസ് കേസിലേക്കു നീങ്ങിയാല്‍ സ്ഥിതി കുഴപ്പത്തിലാകുമെന്ന ആശങ്ക രാജി വേഗത്തിലാക്കി.
പതിവില്‍നിന്നു വ്യത്യസ്തമായി അമ്മയിലെ അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നസ്വരവും തുടക്കം മുതല്‍ പുറത്തുവന്നിരുന്നു. സിദ്ദിഖ് പറഞ്ഞതിനെ തള്ളിയില്ലെങ്കിലും ജഗദീഷിന്റെ നിലപാടുകള്‍ക്കാണു പൊതുസമൂഹം കയ്യടിച്ചത്. അമ്മ തിരഞ്ഞെടുപ്പില്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ പാനലിനെ വെല്ലുവിളിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച ജയന്‍ ചേര്‍ത്തലയും മറ്റും സംഘടനയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
അമ്മയുടെ അപ്രഖ്യാപിത ശത്രുവായ ഡബ്ല്യുസിസിയുടെ നിലപാടിനെ ജയന്‍ പ്രശംസിച്ചപ്പോള്‍ ജഗദീഷ് അവരോടു മൃദുസമീപനം സ്വീകരിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അന്‍സിബ ഹസന്‍, ഉര്‍വശി, ശ്വേത മേനോന്‍ തുടങ്ങിയവരെല്ലാം തുറന്ന വിമര്‍ശനവുമായി രംഗത്തു വന്നതോടെ അമ്മ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണു നേരിട്ടത്. സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് ഒരു അംഗം ഇമെയില്‍ അയച്ചിരുന്നു.
‘അമ്മ’ സംഘടനയുടെ 17 അംഗ എക്‌സിക്യൂട്ടീവ് നാളെ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി ജോയിന്റ് സെക്രട്ടറി ബാബുരാജിനു നല്‍കി.
വാശിയേറിയ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിദ്ദിഖിനു രണ്ടു മാസം പോലും തികയും മുന്‍പാണു സ്ഥാനം ഒഴിയേണ്ടിവന്നത്. ശനിയാഴ്ച തന്നെ കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായി രാജിക്കാര്യത്തില്‍ സിദ്ദിഖ് അഭിപ്രായം തേടിയിരുന്നു. ഷൂട്ടിങ്ങിനായി ഊട്ടിയിലാണു സിദ്ദിഖ്.