കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരിയെ തിരിച്ചെത്തിച്ചു, ഇന്ന് മാതാപിതാക്കൾക്കു കൈമാറും
തിരുവനന്തപുരം കഴക്കൂട്ടത്തു നിന്ന് ഈ മാസം 20ന് കാണാതായ അസം സ്വദേശിനിയായ 13 വയസ്സുകാരിയെ ഇന്നലെ (ഞായർ ) രാത്രി 10.30 ന് തിരുവനന്തപുരത്ത് എത്തിച്ചു. കുട്ടിയെ വിശാഖപട്ടണത്തു നിന്നാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ ഷാനിബാ ബീഗത്തിന്, പൊലീസ് കുട്ടിയെ കൈമാറി. ഇന്നലെ തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ച കുട്ടി നിലവിൽ അവരുടെ സംരക്ഷണയിലാണ്. ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗം ചേർന്ന്, കുട്ടി വീടു വിട്ടിറങ്ങാനുണ്ടായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്നു നിരന്തരം വഴക്കും മർദ്ദനവും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയും. കുട്ടിയെ കേട്ട ശേഷം മാതാപിതാക്കളുടെ മൊഴിയുമെടുക്കും. പിന്നീട് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കും. തുടർന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കു കൈമാറും.
കുട്ടിക്ക് കൗൺസിലിങ് നൽകും. തുടർ പഠനത്തിനു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിഡബ്ല്യുസി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ വിശാഖപട്ടണത്തെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ കുട്ടിയെ കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്ത് നാട്ടിൽ എത്തിക്കുകയായിരുന്നു.
മാതാവ് മർദ്ദിച്ചതിനെ തുടർന്ന് പിണങ്ങി വീടുവിട്ട പെൺകുട്ടിയെ കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ ബുധനാഴ്ച കാണാനിടയായി. തുടർന്ന് കേരള, തമിഴ്‌നാട് പൊലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനുകളിലും മറ്റും വ്യാപക പരിശോധന നടത്തി. എന്നാൽ അവിടെ നിന്ന് കുട്ടി ചെന്നൈയിലേക്കോ ഗുവാഹാട്ടിയിലേക്കോ പോയിരിക്കാം എന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു .
ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ വിശാഖപട്ടണത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണത്ത് മലയാളി അസോസിയേഷൻ അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കാണാതായി 37 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിൽ 13 കാരിയെ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായും ഇത് തങ്ങളുടെ കുട്ടിയാണെന്ന് അവകാശവാദം ഉന്നയിച്ചതാ മലയാളി അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
സ്വദേശമായ ആസാമിലേക്ക് പോകാനായിരുന്നു കുട്ടിയുടെ ശ്രമം. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നു കുട്ടി വെളിപ്പെടുത്തി. അമ്മ അടിച്ചതിലുള്ള ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയതാണെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ഉറപ്പു നല്‍കിയാണ് കുട്ടി കേരളത്തിലേക്കു തിരിച്ചതെന്നു വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.
മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കളായ അന്‍വര്‍ ഹുസൈനും പര്‍ബിണ്‍ ബീഗവും പറഞ്ഞു. കുട്ടിയെ തിരിച്ചു കിട്ടിയ ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു.