രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വീണ്ടും വ്യക്തമാക്കി. ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷനുവേണ്ടിയാണ് വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കി അയച്ചു എന്നുമുള്ള രഞ്ജിത്തിന്റെ വാദം പൂര്‍ണമായും തള്ളിയ അവര്‍ ചിത്രത്തില്‍ അഭിനയിക്കാനാണ് തന്നെ വിളിച്ചതെന്നും ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും വ്യക്തമാക്കി.
ഇതിനിടെ ശ്രീലേഖ മിത്ര മറ്റൊരു ബോംബ് കൂടി പൊട്ടിച്ചു. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ പാര്‍ത്ഥോ ഘോഷ് സമാന രീതിയില്‍ മോശം പെരുമാറ്റം നടത്തിയെന്നായിരുന്നു അത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം അറിയില്ലെന്നും അവര്‍ പറഞ്ഞു
ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോള്‍ തനിക്ക് നേരെയുണ്ടായ മോശം അനുഭവം തുറന്നുപറയാനുള്ള അവകാശമില്ലേ എന്ന് ശ്രീലേഖ മിത്ര ചോദിച്ചു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് താന്‍ പറയുന്നില്ല. തെറ്റുപറ്റിയെന്ന് സമ്മതിക്കണം. മാപ്പുപറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും ശ്രീലേഖ മിത്ര പറയുന്നു.
ബംഗാളില്‍ ജോലിത്തിരക്കിലാണ് അതുകൊണ്ട് പരാതി നല്‍കാനും മറ്റും കേരളത്തിലേക്ക് വരാന്‍ കഴിയില്ല. എങ്കിലും കേരളത്തില്‍ ആരെങ്കിലും പിന്തുണക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയുന്ന കാലമാണിത്. മമത ബാനര്‍ജി സര്‍ക്കാറിനെതിരെ അടക്കം ശക്തമായ ശബ്ദമുയര്‍ത്തിയിട്ടുണ്ട് താനെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് നടി തനിക്ക് കേരളത്തില്‍ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും മോശം അനുഭവം നേരിട്ടതായുള്ള വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള ഈ വെളിപ്പെടുത്തല്‍ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുന്നു എന്ന അഭ്യൂഹങ്ങളിൽ വരെ എത്തി കാര്യങ്ങൾ.
ആരോപണം നിഷേധിച്ച രഞ്ജിത്ത് ഇത് തനിക്കെതിരെയുള്ള ആരോപണം മാത്രമാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തുവന്നു.