KeralaNEWS

റിപ്പോര്‍ട്ടില്‍ പുറത്തുവിടരുതെന്ന് പറഞ്ഞത് പുറത്തുവിട്ടു; പ്രമുഖ നടന്മാര്‍ പീഡനം നടത്തിയെന്നത് പുറത്തായി

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ വീണ്ടും സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരഗ്രാഫ് 96 ഉം, 165 മുതല്‍ 196 വരെയും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്ത് വിടാനാണ് ജൂലൈ 5 ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞത്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ അത് ഏതാണെന്നു തീരുമാനിച്ചു പട്ടികയുണ്ടാക്കി അപേക്ഷകര്‍ക്ക് നല്‍കണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷന്‍ വിധിയില്‍ പറയുന്നു.

ഇതില്‍ വിഷയം ഹൈക്കോടതിയില്‍ എത്തി പുതിയ സംഭവ വികാസങ്ങള്‍ നടക്കുകയും ചെയ്തതോടെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് വൈകി. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരെ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. പിന്നീട് കോടതി നടപടികള്‍ കഴിഞ്ഞതോടെ ഒരു മാസത്തിനു ശേഷം ആഗസ്റ്റ് 19 നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കായി പുറത്തുവിട്ടത്.

Signature-ad

റിപ്പോര്‍ട്ടില്‍ 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകള്‍കൂടി ഒഴിവാക്കിയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കമ്മീഷന്റെ ആദ്യത്തെ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലുള്ളവയല്ല ഇപ്പോള്‍ ഒഴിവാക്കിയതെന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണ്. ‘മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുന്‍പാകെ പറയപ്പെട്ടു’- എന്നാണ് ഇതില്‍ പറയുന്നത്. ഇതിന് ശേഷമുള്ള ഭാഗം ഒഴിവാക്കപ്പെട്ടു.

ഒഴിവാക്കിയത് പ്രമുഖരുടെ പേരുകള്‍ വരുമെന്നതിനാലാണ് എന്നതാണ് ഉയരുന്ന വാദം. പ്രമുഖ പ്രതികളുടെ വിവരങ്ങളും കമ്മീഷന്റെ കണ്ടെത്തലുകളുമാണ് ഇതിനു ശേഷമുള്ള 11 പാരഗ്രാഫുകളിലുള്ളതെന്നാണ് വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. പ്രമുഖ നടന്‍മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് വിമര്‍ശനം. റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ് ഇതെന്നാണ് വാദം.

അതേസമയം റിപ്പോര്‍ട്ടില്‍ സര്‍വത്ര ആശയക്കുഴപ്പമാണ് ഉള്ളത്. കമ്മീഷന്‍ ഒഴിവാക്കാന്‍ പറഞ്ഞതും ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. റിപ്പോര്‍ട്ടിലെ പേജ് നമ്പര്‍ 49 ലെ 96-ാം പാരഗ്രാഫ് ഒഴിവാക്കണമെന്നാണ് കമ്മീഷന്റെ ജൂലൈ അഞ്ചിന് പുറത്തിറങ്ങിയ ഉത്തരവിലുള്ളത്. എന്നാല്‍ എഡിറ്റ് ചെയ്യുന്ന സമയത്ത് പേജ് നമ്പര്‍ 49ലെ 96-ാം പാരഗ്രാഫ് പുറത്ത് വിട്ടതില്‍ ഉള്‍പ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.

അഡ്വ. ഹരീഷ് വാസുദേവനാണ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ വിഷയം ചൂടുപിടിച്ചു. ഏതൊക്കെയാണ് ഒഴിവാക്കുന്നത് എന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആദ്യം വിവരാവകാശ കമ്മീഷനെ സമീപിച്ചവര്‍ക്കുള്‍പ്പെടെ നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇതില്‍ 96-ാം പാരഗ്രാഫ് ഒഴിവാക്കിയതിന്റെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്.

അതേസമയം, ഏതൊക്കെയാണ് ഒഴിവാക്കിയത് എന്നതിന്റെ പട്ടിക അപേക്ഷകര്‍ക്ക് നല്‍കിയപ്പോള്‍ ഈ പാരഗ്രാഫിന്റെ കാര്യം അതില്‍ ഉള്‍പ്പെടാത്തതാണ് ഇപ്പോഴുയര്‍ന്ന ആശയക്കുഴപ്പത്തിന് കാരണം. ജൂലൈ അഞ്ചിലെ ഉത്തരവില്‍ 26 പേജില്‍ കൃത്യമായി പറയുന്നുണ്ട് വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിന് പുറമെ സ്വകാര്യതയെ ബാധിക്കുമെന്ന ബോധ്യമുള്ള ഭാഗങ്ങളും റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാന്‍ കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 49-ാം പേജിലെ 96-ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണം. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തില്ല. ഇതിനൊപ്പം മൊഴികള്‍ അടങ്ങിയ അനുബന്ധ റിപ്പോര്‍ട്ടും വെളിപ്പെടുത്തരുത് എന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്. സത്യത്തില്‍ ഈ 96-ാം പാരഗ്രാഫ് 49-ാമത്തെ പേജിന് പകരം 48ലാണ് വന്നത്. എഡിറ്റ് ചെയ്തവര്‍ പേജ് നമ്പര്‍ വെച്ച് അത് ഒഴിവാക്കി നല്‍കിയപ്പോള്‍ അബദ്ധത്തിവല്‍ വെളിപ്പെടുത്തരുതെന്ന് പറഞ്ഞത് പുറത്തുവന്നു.

ഉദ്യോഗസ്ഥര്‍ക്ക് വന്ന നോട്ടപ്പിശക് ഇപ്പോള്‍ സര്‍ക്കാരിന് തീരാ തലവേദനയാണ് ഉണ്ടാക്കാന്‍ പോകുന്നത്. റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡന ആരോപണം പ്രശസ്തരായ നടന്മാരുടെ നേരെ ഉയര്‍ന്നിട്ടുണ്ട്, അവരുടെ പേരുകള്‍ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട് എന്ന അനുമാനത്തിലേക്കാണ് ഇത് എത്തിച്ചത്. ഇനി റിപ്പോര്‍ട്ടില്‍ പേരുള്ള നടന്മാരെ തുറന്നുകാണിക്കാന്‍ സര്‍ക്കാരിന് മേലെ സമ്മര്‍ദ്ദം മുറുകുമെന്നതാണ് പുതിയ വിവാദംകൊണ്ട് ഉണ്ടായ സഹായം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: