കൊല്‍ക്കത്ത: ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ രാജിവച്ച പ്രിന്‍സിപ്പലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഉദ്യോഗസ്ഥന്‍. സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് മെഡിക്കല്‍ കോളജില്‍ സമാനതകളില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടന്നതെന്നാണ് വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളജില്‍ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ് ആരോപണം.
രാജിവച്ച ഡോ. സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വില്‍ക്കുന്നതുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി പറഞ്ഞു. മുന്‍ പ്രിന്‍സിപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ആളായിരുന്നു ബലാത്സംഗക്കൊലക്കേസ് പ്രതിയായ സിവില്‍ വളണ്ടിയര്‍ സഞ്ജയ് റോയ്. ആശുപത്രിയിലെ ബയോമെഡിക്കല്‍ മാലിന്യങ്ങളും മെഡിക്കല്‍ സാമഗ്രികളും ഘോഷ് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നതായും അലി വെളിപ്പെടുത്തി.
‘സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ വില്‍പ്പനക്കാരനായിരുന്നു. അയാള്‍ക്കിതിരെ ഒരു കേസുമുണ്ട്. ബയോമെഡിക്കല്‍ വേസ്റ്റുകള്‍ കടത്തുന്നതിലും പങ്കാളിയായിരുന്നു അയാള്‍. തന്റെ അധിക സെക്യൂരിറ്റിയുടെ ഭാഗമായ ആളുകള്‍ക്ക് ഈ വേസ്റ്റുകള്‍ വില്‍ക്കുകയും അവ ബംഗ്ലാദേശിലേക്ക് കടത്തുകയുമാണ് ചെയ്തിരുന്നത്’- അലി വ്യക്തമാക്കി. റബ്ബര്‍ ഗ്ലൌ, സലൈന്‍ ബോട്ടിലുകള്‍, സിറിഞ്ചുകള്‍, സൂചികള്‍ എന്നിവയുള്‍പ്പെടെയാണ് ഇത്തരത്തില്‍ അനധികൃതമായി വില്‍പന നടത്തിയിരുന്നത്. ദിവസവും 600 കിലോ വരെയുള്ള ബയോമെഡിക്കല്‍ മാലിന്യമാണ് ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഇത്തരത്തില്‍ വില്‍പന നടത്തിയിരുന്നത്.
2023ലാണ് അലി ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ ജോലിക്കെത്തുന്നത്. അനധികൃത ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംസ്ഥാന വിജിലന്‍സ് കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് അക്തര്‍ അലി സന്ദീപ് ഘോഷിനെതിരായ അന്വേഷണ കമ്മീഷന്റെ ഭാഗമാവുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുന്‍ പ്രിന്‍സിപ്പലിനെതിരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഘോഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചെങ്കിലും അതേ ദിവസം തന്നെ ആര്‍.ജി കര്‍ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റുകയായിരുന്നുവെന്ന് അലി പറഞ്ഞു.
അതേസമയം, വിദ്യാര്‍ഥികളെ ജയിപ്പിക്കാനായി സന്ദീപ് ഘോഷ് കൈക്കൂലി വാങ്ങിയിരുന്നതായും അക്തര്‍ അലി വെളിപ്പെടുത്തി. ചില വിദ്യാര്‍ഥികളെ ബോധപൂര്‍വം പരാജയപ്പെടുത്തുകയും തുടര്‍ന്ന് വിജയിപ്പിക്കാനായി അവരില്‍നിന്ന് പണം വാങ്ങിയെടുക്കുകയും ചെയ്തു. മെഡി.കോളജിലെ എല്ലാ ടെന്‍ഡറിനും കരാറുകാരില്‍നിന്ന് ഘോഷ് 20 ശതമാനം കമ്മീഷന്‍ വാങ്ങിയിരുന്നതായും അക്തര്‍ അലി പറഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍ ഘോഷിന്റെ അടുത്ത സഹായികളായ സുമന്‍ ഹസ്രയ്ക്കും ബിപ്ലബ് സിംഹയ്ക്കും മാത്രമാണ് നല്‍കിയിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
2021ലാണ് സന്ദീപ് ഘോഷ് ചുമതലയേല്‍ക്കുന്നത്. ആശുപത്രിയില്‍ വനിതാ ഡോക്ടറായ യുവതി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് രാജിവച്ച സന്ദീപ് ഘോഷിന് മണിക്കൂറുകള്‍ക്കകം കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ പുതിയ നിയമനം ലഭിച്ചിരുന്നു. എന്നാല്‍, കല്‍ക്കട്ട ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുകയും ഘോഷിനെ അനിശ്ചിതകാല അവധിയില്‍ അയയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. സ്ഥാപനത്തില്‍ 2021 ജനുവരി മുതല്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ മമത ബാനര്‍ജി സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകശേഷം നിരവധി വീഴ്ചകളാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായത്.
അതേസമയം, ഡോ. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കൊല്‍ക്കത്ത പൊലീസ് അന്വേഷണമാരംഭിച്ചു. പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചാണ് അന്വേഷണം. ഇതിനു പുറമെ, കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സന്ദീപ് ഘോഷിന് കൊല്‍ക്കത്ത പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങുകയാണ് സി.ബി.ഐ.