IndiaNEWS

മകന് ദയാവധം വേണം, ജീവന്‍ നിലനിര്‍ത്തുന്ന ട്യൂബ് എടുത്തുമാറ്റണം: 11 വർഷമായി ഒരേ കിടപ്പ്, ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്നില്ല

  ഒരു ദശാബ്ദത്തിലേറെയായി ചലനമറ്റ് കിടക്കുന്ന 30 കാരനായ മകന് ദയാവധം  അനുവദിക്കണം എന്ന ആവശ്യവുമായി മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. കാലങ്ങളായി ഒരേ നിലയിൽ കിടക്കുന്ന മകന്  ഭക്ഷണത്തിൻ്റെയും മരുന്നുകളുടെയും ചെലവ് താങ്ങാൻ കഴിയുന്നില്ല. അതുകൊണ്ട് ജീവന്‍ നിലനിര്‍ത്താൻ ഉപയോഗിക്കുന്ന റൈല്‍സ് ട്യൂബ് നീക്കം ചെയ്യാൻ അനുമതി നൽകണമെന്നാണ് ആവശ്യം.

മകന് 11 വർഷം മുമ്പ് ബിരുദ പഠനകാലത്ത് ഒരു അപകടത്തിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ശരീരത്തിന്റെ താഴ്‌ഭാഗം ചലനശേഷി നഷ്ടപ്പെട്ടു. കിടപ്പിലായ മകനെ പരിചരിക്കാൻ വേണ്ടി ദമ്പതികൾ തങ്ങളുടെ എല്ലാ സമ്പാദ്യവും ചിലവഴിച്ചു കഴിഞ്ഞു. മകന്റെ ഈ അവസ്ഥയിൽ നിന്ന് മോചനം നൽകണമെന്നാണ് അവരുടെ അഭ്യർഥന.

Signature-ad

എന്നാല്‍, ട്യൂബ് നീക്കം ചെയ്താല്‍ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും ദയാവധം വളരെ വ്യത്യസ്തമെന്നും റൈല്‍സ് ട്യൂബ് ജീവന്‍ രക്ഷാ സംവിധാനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം,  മാതാപിതാക്കള്‍ കഷ്ടപ്പെടുകയും അവരുടെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തിട്ടും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു.

സുപ്രീം കോടതി ഈ വിഷയം ഗൗരവമായി കണക്കാക്കുകയും, മകനെ പരിപാലിക്കാൻ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുണ്ടോ എന്ന് കേന്ദ്ര സർക്കാരിനോട് അന്വേഷിക്കാൻ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട്, ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, മകന്റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ജീവൻ നിലനിർത്തുന്ന ട്യൂബ് നീക്കം ചെയ്യുന്നത് ഒരു തരത്തിലുള്ള ദയാവധമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: