ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. അത്യാഹിത വിഭാഗത്തില്‍ മാത്രമായിരിക്കും ഡോക്ടര്‍മാരുടെ സേവനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.
കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, പി.ജി അസോസിയേഷന്‍, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ തുടങ്ങി എല്ലാ സംഘടനകളും സമരത്തിന്റെ ഭാഗമാകും. കഴിഞ്ഞദിവസവും പി.ജി ഡോക്ടേഴ്സും റസിഡന്‍സ് സീനിയര്‍ ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു.
രാവിലെ ആറു മുതല്‍ ഞായറാഴ്ച രാവിലെ ആറു വരെയാണ് പ്രതിഷേധ സമരം. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഓള്‍ ഇന്‍ഡ്യാ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ദേശീയ തലത്തില്‍ കരിദിനം ആചരിക്കും. കെ.ജി.എം.ഒ.എയും പ്രതിഷേധ ദിനത്തില്‍ പങ്കുചേരും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
ഡോക്ടര്‍മാരില്‍ 60 ശതമാനത്തിലധികം വനിതകളാണ്. അവര്‍ക്ക് മതിയായ സുരക്ഷയില്ലാതെ ആശുപത്രിയില്‍ ജോലി ചെയ്യാനാകില്ലെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ജെ. നായക് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകല്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ക്ക് നേരേ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായും ഐ.എം.എ പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി ഐ.എം.എ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇന്നലെ ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ റസിഡന്‍സ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.