കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുന്‍ മാനേജര്‍ 17.20 കോടി രൂപയുടെ സ്വര്‍ണവുമായി മുങ്ങി. പണയ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം പോത്തി സ്ട്രീറ്റില്‍ എസ് മധ ജയകുമാര്‍ (34) ആണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പകരം വച്ച് 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ കൈക്കലാക്കിയത്.
ഇയാള്‍ക്കെതിര വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കില്‍ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ വി. ഇര്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ ആറ് വരെയുള്ള കാലയളവില്‍ പണയം വച്ച സ്വര്‍ണമാണ് തിരിമറി നടത്തിയത്. ഇടപാടുകാര്‍ ബാങ്കില്‍ പണയം വെച്ച 42 അക്കൗണ്ടുകളില്‍ നിന്ന് സ്വര്‍ണം നഷ്ടമായെന്നാണ് പരാതി.
ജൂലൈയില്‍ ഇയാള്‍ക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അവിടെ ചാര്‍ജെടുത്തില്ല. ഇതോടെ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് പുറത്താകുകയും ചെയ്തു. ഓഗസ്റ്റ് 13 ന് ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തട്ടിപ്പ് വിവരമറിഞ്ഞ് ഇടപാടുകാര്‍ ബാങ്കിലെത്തി. എന്നാല്‍, ആരുടെയും സ്വര്‍ണം നഷ്ടമാകില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.