അഗര്‍ത്തല: ത്രിപുരയില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍വിജയം. 97 ശതമാനം സീറ്റുകളും ബിജെപി സ്വന്തമാക്കി. 606 ഗ്രാമപഞ്ചായത്തുകളില്‍ 584-ഉം 35 പഞ്ചായത്ത് സമിതികളില്‍ 34-ഉം എട്ടില്‍ എട്ട് ജില്ലാ പരിഷത്തുകളും ബിജെപി നേടി.
ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 71 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ശേഷിക്കുന്ന 29 ശതമാനം സീറ്റുകളില്‍ ഓഗസ്റ്റ് എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഇന്നാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എട്ട് ജില്ലാ പരിഷതുകളിലെ 96 സീറ്റുകളിലാണ് മത്സരം നടന്നത്. ഇതില്‍ 93 സീറ്റുകളും ബിജെപി നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ഒരിടത്ത് സിപിഎമ്മും വിജയിച്ചു. 188 പഞ്ചായത്ത് സമിതി സീറ്റുകളിലാണ് മത്സരമുണ്ടായിരുന്നത്. ഇതില്‍ 173 സീറ്റുകളും ബിജെപി നേടി. സിപിഎം ആറ് സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും വിജയിച്ചു.
1819 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരം നടന്നപ്പോള്‍ 1476 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ് 151 വാര്‍ഡുകള്‍ നേടി. സിപിഎമ്മിന് 148 ഉം ത്രിപമോതയ്ക്ക് 24 വാര്‍ഡുകളും നേടാനായി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലെ രണ്ട് സീറ്റുകളിലും വന്‍ഭൂരിപക്ഷത്തോടെ ബിജെപി നേടിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ വികസന പരിപാടികളിലും ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത് തുടരുന്നുവെന്ന് ജനവിധി കാണിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. 97 ശതമാനം സീറ്റുകളും വന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി നേടിയത്. ഭാവിയില്‍ 100 ശതമാനം സീറ്റും നേടാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തീവ്രവാദ തന്ത്രങ്ങള്‍ കാരണമാണ് 71 ശതമാനം സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിക്കാതിരുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞ ഇടങ്ങളില്‍ ബിജെപി കടുത്ത പോരാട്ടം നേരിട്ടതിനാല്‍ ഭരണകൂടത്തിന് ഇതൊരു മുന്നറിയിപ്പാണെന്ന് സിപിഎം പ്രതികരിച്ചു.