KeralaNEWS

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് ഡി.വൈ.എഫ്.ഐ ഭാരവാഹി. വിവാദമായ സ്‌ക്രീന്‍ ഷോട്ട് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണനാണ് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തല്‍. റെഡ് എന്‍കൌണ്ടര്‍ വാട്ട്‌സ്അപ്പ് ഗ്രൂപ്പ് അഡ്മിനായ റിബേഷിന്റെ ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനക്കയച്ചു.

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. വടകര സി.ഐ സുനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്.

Signature-ad

‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 2024 ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ ‘റെഡ് ബറ്റാലിയന്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി.

ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയന്‍’ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്‍ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രില്‍ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.

രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ്‍ വിശദമായ പരിശോധനക്ക് നല്‍കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിലെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് റിപ്പോര്‍ട്ട് കണ്ടത് പത്രത്തിലാണ്. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടു നോക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നോക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സി.പി.എം സൃഷ്ടിയെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

കേസില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിന്റെ പരാതിയില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസില്‍ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട്. വടകരയിലെ പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്. പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണെന്നും അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: