അർജുനെ ഗംഗാവലി പുഴ കവർന്നെടുത്തിട്ട് ഒരു മാസം, ഇന്ന് കണ്ടെത്താനാവുമെന്നു പ്രതീക്ഷ
ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കമുള്ള 3 പേർക്കായി ഇന്നലെ ഗംഗാവലി പുഴയിൽ തെരച്ചിൽ പുനരാരംഭിച്ചു. ഈശ്വര്‍ മാല്‍പെയടക്കം 4 നീന്തൽ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 8 മണിക്ക് വീണ്ടും തെരച്ചില്‍ ആരംഭിക്കും. ഇന്നലെ പുഴയുടെ അടിത്തട്ടിൽ നിന്നാണ് ലോറിയുടെ വീൽജാക്കിയും മറ്റു ഭാഗങ്ങളും കണ്ടെത്തിയത്. ആ സ്ഥലത്തിന് ചുറ്റും ആകും ഇന്നത്ത ആദ്യഘട്ട തെരച്ചില്‍. ഇതിനുശേഷം സ്‌പോട്ട് മൂന്ന് നാല് എന്നിവിടങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കും. ഇന്ന് നാവികസേനയും എത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്.
പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഇപ്പോൾ മുങ്ങിത്താഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ട്. വെയിലുള്ള സമയത്ത് ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.
ഗംഗാവലി പുഴയിൽ ഈശ്വർ മാൽപെ നടത്തിയ പരിശോധനയിൽ അർജുൻ്റെ ലോറിയുടെ വീൽജാക്കി, കാണാതായ ടാങ്കർലോറിയുടെ രണ്ട് ഭാഗങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ പുഴയുടെ തീരത്തേടു ചേർന്ന 200 മീറ്റർ ഭാഗത്താണ് ഈശ്വർ മാൽപെ പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ ഒൻപതോളം തവണ പുഴയുടെ അടിത്തട്ടിലേക്ക് മുങ്ങി പരിശോധന നടത്താൻ ഈശ്വർ മാൽപെയ്ക്കു സാധിച്ചു.
വെള്ളത്തിൻ്റെ ഒഴുക്ക് കുറഞ്ഞെന്ന് ഈശ്വർ മാൽപെ
ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞതായി ഈശ്വർ മാൽപെ
പറഞ്ഞു. രാവിലെ 8 മണിയോടെ തിരച്ചിൽ നടത്തിയാൽ പുഴയുടെ അടിഭാഗം വ്യക്തമായി കാണാനാകും. പുഴയുടെ മധ്യഭാഗത്ത് 35 അടിയോളം താഴ്ചയുണ്ട്. രാവിലെ പുഴയുടെ അടിത്തട്ടിലേക്ക് മുങ്ങി കല്ലും മണ്ണും നീക്കി ലോറിയുണ്ടോ എന്നു പരിശോധിക്കും. ഇന്ന് ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും നേവിയുടെ സംഘവും ചേർന്നുള്ള ഇന്നത്തെ പരിശോധനയിൽ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘവും ഇന്നത്തെ തിരച്ചിലിൻ്റെ ഭാഗമാകും.
ഷിരൂർ അങ്കോലയിൽ ദേശീയപാത 66ൽ ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ അർജുൻ അകപ്പെട്ടത്. അർജുനെ കൂടാതെ, ലോകേഷ്, ജഗന്നാഥ് എന്നിവരെയും കാണാതായി. അപകടത്തിൽ മൊത്തം 10 പേരെയാണ് കാണാതായിരുന്നത്. 7 പേരുടെ മൃതദേഹം കണ്ടെത്തി.