KeralaNEWS

ഇതാ ഒരു സ്നേഹഗാഥ: പിതാവിന് സ്വന്തം കരൾ പകുത്തു നൽകി രണ്ടു മക്കൾ, ഇടുക്കിയിലെ ലെനയും കാസർകോടുകാരൻ പ്ലസ് ടു വിദ്യാർഥി എഡിസണും

    പിതാവിൻ്റെ പ്രാണൻ രക്ഷിക്കാൻ 16 കാരനായ മകൻ സ്വന്തം കരൾ പകുത്തു നൽകി. കാസർകോട് ജില്ലയിലെ ബളാൽ   വള്ളിക്കടവിലെ സ്കറിയ ഐസക്കിനാണ് മകൻ എഡിസൺ കരൾ ദാനം ചെയ്തത്.

കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് സ്കറിയ സുഖം പ്രാപിച്ചുവരുന്നു. മകൻ എഡിസൺ പ്ലസ് ടു വിദ്യാർഥിയാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എഡിസൺ പിതാവിന് കരൾ പകുത്തു നൽകിയത്.

Signature-ad

സമാനമായ കഥയാണ് ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണും പറയാനുള്ളത്. മകൾ ലെനയാണ് ലെവിസണു കരൾ ദാനം ചെയ്തത്. പത്തനാപുരത്തു ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറായി ജോലിചെയ്തു കൊണ്ടിരിക്കെയാണ് ലെവിസണിനു കരളിനു പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നത്. 4 വർഷം രോഗങ്ങൾ പിന്തുടർന്നു. കരൾ മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും മരുന്നുകളിലൂടെ പരമാവധി മുന്നോട്ടു പോയി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ലെവിസൺ കിടപ്പിലായി. തുടർന്നാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. മകൾ ലെന കരൾ ദാനം ചെയ്യാൻ സന്നദ്ധയായി. കഴിഞ്ഞ ഡിസംബറിൽ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഇരുവരും ആരോഗ്യം വീണ്ടെടുത്തു.

ലെവിസണിന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് അപകടകരമായ തരത്തിൽ കുറവായതിനാൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു സർജറിക്ക്. പക്ഷേ മറ്റാരുടെയും രക്തം സ്വീകരിക്കാതെ  ശസ്ത്രക്രിയ നടത്തണമെന്ന്  അദ്ദേഹം ശഠിച്ചു. അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 6നു ശസ്ത്രക്രിയ പൂർത്തിയാക്കി.
250 മില്ലി ലീറ്റർ രക്തം മാത്രമാണു ശസ്ത്രക്രിയയ്ക്കിടെ ലെവിസണിന്റെ ശരീരത്തിൽ നിന്നു നഷ്ടമായത്.

ജോലിയിൽ നിന്നു വിരമിച്ച ശേഷം ഇപ്പോൾ ഇടുക്കിയിൽ കൃഷിയും മറ്റുമായി കഴിയുകയാണു ലെവിസൺ. അച്ഛനു കരൾ നൽകാനായി ലെന ദീർഘകാലം പഠനത്തിൽ നിന്ന് അവധിയെടുത്തു.
പിന്നീട് എംബിഎ പൂർത്തിയാക്കിയ ലെന ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു.

സ്കറിയ ഐസക്കിന് മകന്റെ കരൾ യോജിച്ചിരുന്നു എങ്കിലും പ്രായപൂർത്തിയാകാത്തത് തടസ്സമായി. പിതാവിന് കരൾ നൽകാൻ അനുമതി ചോദിച്ച് എഡിസൺ ഹൈക്കോടതിയെ സമീപിച്ചു. നടപടി വേണമെന്ന് കോടതി നിർദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ആരോഗ്യവകുപ്പിലെയും വിദഗ്ധസംഘം എഡിസന്റെ ആരോഗ്യനില തൃപ്തികരമെന്ന് സാക്ഷ്യപ്പെടുത്തിയതോടെ രക്ഷാമാർഗം തുറന്നു. ഓഗസ്റ്റ് 6 നായിരുന്നു ശസ്ത്രക്രിയ. സ്കറിയയുടെയും എഡിസന്റെയും ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതർ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് ആ നിർധന  കുടുംബം.

ചികിത്സയ്ക്ക് ഭീമമായ ചെലവ് വേണ്ടിവന്നപ്പോൾ കരുതലിന്റെ കാവലുമായി നാടും ഒപ്പം നിന്നു. ശസ്ത്രക്രിയയ്ക്കും മറ്റും ചെലവായ 30 ലക്ഷം രൂപ ബിരിയാണി ചലഞ്ചിലൂടെ നാട്ടുകാർ ശേഖരിച്ചു. ലക്ഷ്യം വച്ചത് 2000 ബിരിയാണി. പക്ഷേ എണ്ണം 11,000 വരെ  ഉയർന്നു. ഇതിനുപുറമേ നേരിട്ടും ആളുകൾ സംഭാവന നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: