കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി.പാപ്പച്ചനെ (82) ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ബാങ്ക് ഇടപാട് രേഖകള്‍ ഉള്‍പ്പെടെയുളള അന്വേഷണ സംഘം പിടിച്ചെടുത്തു. ആദ്യ നാലു പ്രതികളുടെ വീട്ടില്‍ ഒരേ സമയത്തായിരുന്നു പരിശോധന. ഒന്നാം പ്രതി അനിമോന്‍, രണ്ടാം പ്രതി മാഹിന്‍, മൂന്നാം പ്രതി സരിത, നാലാം പ്രതി കെ.പി. അനൂപ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ ബാങ്ക് രേഖകളും കേസുമായി ബന്ധപ്പെടുന്ന മറ്റു വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഹാഷിഫിന്റെ വീട്ടില്‍ പിന്നീടാണ് എത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കുശേഷമാണ് അഞ്ച് പ്രതികളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയത്. സരിത വാടകയ്ക്കു താമസിച്ചിരുന്ന തേവള്ളി മൃഗാശുപത്രിക്കു സമീപം കാവില്‍ ഹൗസില്‍ ഒന്നരയോടെയാണ് പോലീസ് എത്തിയത്. ഒന്നിലേറെ എയര്‍ കണ്ടിഷണറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഇരുനില ആഡംബരവീടിന് മാസം ഇരുപതിനായിരത്തിലേറെ രൂപ വാടക ലഭിക്കുന്നതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. സരിത ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്ക് പുറമേ, സ്വന്തം നിലയില്‍ കൂടിയ പലിശയ്ക്കു പണം നല്‍കിയും സരിത വരുമാനം ഉണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്നലെ പൊലീസിനു ലഭിച്ചു. എന്നാല്‍, സരിതയുടെ ചില മൊഴികള്‍ പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാപ്പച്ചനില്‍ നിന്നു തട്ടിയെടുത്ത പണത്തില്‍ കുറച്ചു ഭാഗം പലിശയ്ക്കു നല്‍കിയെന്നാണ് വിവരം. സരിത തിരിമറി നടത്തിയ 53 ലക്ഷം രൂപയില്‍ ഏകദേശം 20 ലക്ഷം രൂപ ക്വട്ടേഷന്‍ സംഘം കൈക്കലാക്കിയിരുന്നു. ബാക്കി തുകയാണ് പലിശയ്ക്കു നല്‍കിയിരുന്നത്. ധനകാര്യ സ്ഥാപനത്തിലെ മറ്റു നിക്ഷേപങ്ങളിലും തിരിമറി നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ പാപ്പച്ചന്‍ നല്‍കിയ അരക്കോടിയിലധികം രൂപ തിരിമറി നടത്തിയത് കണ്ടുപിടിക്കാതിരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എട്ടിന് അറസ്റ്റിലായ പ്രതികളെ 9നാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നാളെ തെളിവെടുപ്പും മൊഴിയെടുക്കലും പൂര്‍ത്തിയാക്കാനാണ് അന്വേഷണം സംഘം ശ്രമിക്കുന്നത്.
മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നാണു വിവരം. ചിലര്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. പ്രതികളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പൊലീസ് പറയുന്നു. കൊലപാതകം നടന്ന ആശ്രാമത്തെ റോഡ്, സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഓലയില്‍ ബ്രാഞ്ച് തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യ ഘട്ട തെളിവെടുപ്പ്. മേയ് 23ന് ഉച്ചയ്ക്കാണ് പാപ്പച്ചനെ അനിമോന്‍ കാര്‍ ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ പാപ്പച്ചന്‍ പിറ്റേന്ന് മരണത്തിനു കീഴടങ്ങി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു പാപ്പച്ചന്റെ മക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനാപകടം കൊലപാതകമാണെന്നു തെളിഞ്ഞത്.