ചേര്‍ത്തലയില്‍ യുവതി മരിച്ചത് തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതു മൂലല്ലെന്ന് വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തുമ്പ ചെടിയിലെ വിഷാംശത്തെ കുറിച്ച് സൂചനയില്ല. ചേർത്തല 17–ാം വാർഡ് ദേവീനിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു(42) ആണ് കൊച്ചി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേർത്തലയിലെയും പിന്നീട് കൊച്ചി നെട്ടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പക്ഷേ വൈകുന്നേരത്തോടെ മരിച്ചു.
യുവതിക്ക് മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തുമ്പച്ചെടി തോരന്‍ വച്ച് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളില്ല. മുറിയില്‍ നിന്ന് വിഷാംശം കലര്‍ന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല.
ഇന്ദു പ്രമേഹത്തിനും ഗോയിറ്റര്‍ രോഗത്തിനും ചികിത്സ തേടിയിരുന്നു എന്ന് പൊലിസ് പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം, കിഡ്നി തകരാർ തുടങ്ങിയവ ഉള്ളവർ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തു.
.