CrimeNEWS

പാപ്പച്ചനെ കൊലപ്പെടുത്താന്‍ തിരഞ്ഞെടുത്തത് ഏറ്റവും വിജനമായ വഴി; പകല്‍പോലും ആളൊഴിഞ്ഞ സ്ഥലം

കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി. പാപ്പച്ചനെ (82) കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം തിരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും വിജനമായ സ്ഥലം. നഗര മധ്യത്തിലെങ്കിലും ആരും അധികം സഞ്ചരിക്കാത്ത വഴിയെന്ന് ഉറപ്പിച്ചായിരുന്നു ആസൂത്രണം. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ അരികിലൂടെ പോകുന്ന റോഡാണ് കൊലപാതകത്തിനായി സംഘം തിരഞ്ഞെടുത്തത്. പകല്‍പോലും ആളൊഴിഞ്ഞ വഴി.

റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നു. ഒരു മതിലിന് അപ്പുറമാണ് വീടുകള്‍. ആ മതിലിലും കാടു പടര്‍ന്നു കിടക്കുന്നു. ഒന്ന് ഉറക്കെ നിലവിളിച്ചാല്‍ പോലും ആരും എത്തില്ല. ആ മേഖലയിലെ ഒരു വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യത്തില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി അനിമോനെ മേയ് 28ന് അറസ്റ്റ് ചെയ്തത്.

Signature-ad

വിജനമായ വഴിയായതു കൊണ്ടു തന്നെ കാറിടിച്ചു പരുക്കേറ്റാല്‍ ആരും എത്തില്ലെന്നായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ നിഗമനം. എന്നാല്‍, നിലവിളി കേട്ട് ആളുകളെത്തി. ആംബുലന്‍സിനായി വിവരം അറിയിക്കുകയും ചെയ്തിരുന്നു. സംഭവം സ്ഥലം നിരീക്ഷിക്കാന്‍ ഏല്‍പിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായ മാഹിന്‍ അവിടെയുണ്ടായിരുന്നു. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിനു മുന്നിലൂടെയുള്ള റോഡ് ഒരു വളവ് തിരിഞ്ഞ് എത്തുന്നത് സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിനു മുന്നിലാണ് അവിടെ മുന്നോട്ടു പോയാല്‍ വീണ്ടും ആശ്രാമം മൈതാനത്ത് എത്തും.

അഡ്വഞ്ചര്‍ പാര്‍ക്കിലേക്കും മറ്റും പോകുന്നവര്‍ ആ വഴി എത്തുന്നതുകൊണ്ട് ആളനക്കവുമുണ്ട്. പാപ്പച്ചന്റെ വീടും കാറിടിപ്പിച്ച സ്ഥലവുമായി ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സ്ഥലം അനിമോനും ഓട്ടോറിക്ഷ ഡ്രൈവറായ മാഹിനും നേരത്തെ പരിചയമുണ്ട്. ഈ വഴി പാപ്പച്ചനെ വിളിച്ചു കൊണ്ടുവരാന്‍ നിര്‍ദേശിച്ചതും ക്വട്ടേഷന്‍ സംഘം തന്നെയാണ്. വിജനമായ സ്ഥലമായതു കൊണ്ട് കാറുമായി രക്ഷപ്പെടാനും ഏറെ എളുപ്പവുമാണ്.

അതേസമയം, കേസിലെ ഒന്നു മുതല്‍ നാലു പ്രതികളെ എട്ടു ദിവസത്തേക്കും അഞ്ചാം പ്രതിയെ 5 ദിവസത്തേക്കും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാം കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. പാപ്പച്ചന്റെ മരണത്തിനു കാരണമായ അപകടത്തില്‍ കാറോടിച്ചിരുന്ന, പോളയത്തോട്ടില്‍ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന അനിമോന്‍, ശാസ്ത്രി നഗറില്‍ താമസിക്കുന്ന മാഹിന്‍, ധനകാര്യ സ്ഥാപന മുന്‍ ബ്രാഞ്ച് മാനേജര്‍ പേരൂര്‍ക്കട സ്വദേശി സരിത, അവരുടെ സഹപ്രവര്‍ത്തകനായിരുന്ന കെ.പി.അനൂപ് എന്നിവരെയാണ് 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അനിമോന് കാര്‍ നല്‍കിയ ശാന്തി നഗറില്‍ താമസിക്കുന്ന ഹാഷിഫിനെയാണ് അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: