തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് എന്‍ അരുണ്‍ പ്രതികരണവുമായി എത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാന്ന് ഈ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നത്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് യൂട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സിതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു.
A.M.M.Aയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന്റെ പേരിലാണ് A.M.M.A നിയമ നടപടികള്‍ സ്വീകരിച്ചത്. ചെകുത്താന്‍ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ A.M.M.A യോട് ചോദിക്കട്ടെ, നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിന്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടന്‍ രണ്ടു മാസമായി സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. മതതീവ്രവാദിയായി വരെ ആ കലാകാരനെ ചില തല്‍പ്പരകക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിക്കുന്നു.
മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, സിനിമയുടെ ഭാഗങ്ങള്‍, ചിത്രങ്ങള്‍ എന്തു തന്നെ സോഷ്യല്‍ മീഡിയയില്‍ വന്നാലും അതിനു താഴെ ബോധപൂര്‍വ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമന്റുകള്‍ കാണാം. അത് ഇപ്പോഴും തുടരുന്നു…തന്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.
യൂട്യൂബര്‍ ചെകുത്താനില്‍ നിന്നും മോഹന്‍ലാലിനുണ്ടായതില്‍ നിന്നും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.
മമ്മൂട്ടിയെ മതത്തിന്റെ പേരുവരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോള്‍ A.M.M.A പുലര്‍ത്തിയ മൗനം സംശയകരവും പ്രതിഷേധാര്‍ഹവുമാണ്.
ഈ ഘട്ടത്തില്‍ അത് ശക്തമായ ഭാഷയില്‍ ഇവിടെ രേഖപ്പെടുത്തുന്നു.