തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വര്‍ഷത്തെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12 (വ്യാഴം) വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.
എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ മാറ്റിവെച്ചു. അവ പിന്നീട് നടത്തും.മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന മേപ്പാടി ഗവ. ഹയര്‍സെന്‍ഡറി സ്‌ക്കൂളിലെ ക്യാംപ് മാറുന്ന മുറയ്ക്ക് ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റേയും സ്‌കൂള്‍ ഒളിംപിക്സിന്റെയും ശാസ്ത്രമേളയുടേയും തീയതിയും സ്ഥലവും വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കും. സ്‌കൂള്‍ ഒളിംപിക്സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്തും, ശാസ്ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയിലും നടക്കും.