IndiaNEWS

സഹോദരിയെ ഗെയിംസ് വില്ലേജില്‍ അനധികൃതമായി പ്രവേശിപ്പിച്ചു; ഇന്ത്യന്‍ ഗുസ്തിക്കാരിയെ നാട്ടിലേക്ക് തിരിച്ചയച്ചു

പാരീസ്: ഒളിമ്പിക് ഗെയിംസ് വില്ലേജില്‍ സഹോദരി നിഷയെ അനധികൃതമായി പ്രവേശിപ്പിച്ചതിന് വനിത ഗുസ്തി താരം അന്റിം പംഘാലിനെ നാട്ടിലേക്ക് തിരിച്ചയച്ചു. അന്റിമിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഗെയിംസ് വില്ലേജില്‍ കടക്കാന്‍ നിഷ തുനിഞ്ഞതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്. നിഷയെ പൊലീസ് ആദ്യം തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചു.

സംഭവത്തെ തുടര്‍ന്ന് അന്റിം പംഘാലിന്റെ അക്രഡിറ്റേഷന്‍ അധികൃതര്‍ റദ്ദാക്കി. 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ തുര്‍ക്കി താരം യെറ്റ്ഗില്‍ സെയ്നപ്പിനോട് തോറ്റു പുറത്തായ അന്റിം പംഘാലിനെ, അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.

Signature-ad

അന്റിമിനെ മാത്രമല്ല അവരുടെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവരെയും മടക്കി അയയ്ക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. മത്സരത്തില്‍ തോറ്റയുടനെ ഹോട്ടലേക്ക് പോയ അന്റിമിനൊപ്പം രണ്ടുകോച്ചുമാരും ഉണ്ടായിരുന്നു. ഗെയിംസ് വില്ലേജില്‍ പോയി തന്റെ ബാഗ് അടക്കമുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ സഹോദരി നിഷയോട് അന്റിം ആവശ്യപ്പെട്ടു. വില്ലേജില്‍ പ്രവേശിക്കാന്‍ നിഷയ്ക്ക് കഴിഞ്ഞെങ്കിലും മടങ്ങി വരും വഴി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

പൊലീസ് സ്റ്റേഷനിലേക്ക് നിഷയെ കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തു. 19 വയസുകാരിയായ ജൂനിയര്‍ ലോക ചാമ്പ്യന്‍ അന്റിമിനെയും മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി. അന്റിം പംഘാലിനെ സഹോദരിയെ അറസ്റ്റ് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച ഐഒഎ അധികൃതര്‍, ഉടനടി അവരെ ഹോട്ടലിലേക്കു മാറ്റാമെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത്. ഇതൊന്നും പോരാഞ്ഞ് അന്റിമിന്റെ പേഴ്സണല്‍ കോച്ചുമാരായ വികാസ്, ഭഗത് എന്നിവര്‍ മദ്യപിച്ച് ലക്കുകെട്ട് കാബിന്റെ പണം കൊടുക്കാന്‍ വിസമ്മതിച്ചതും മറ്റൊരു നാണക്കേടായി. ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രശ്നം വഷളായത്.

വളരെ മോശം സാഹചര്യത്തെയാണ് നേരിടുന്നതെന്നും തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിഷയം കൈകാര്യം ചെയ്തുവരികയാണെന്നും ഐഒഎ അറിയിച്ചു. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നാലെയുളള സംഭവം ഇന്ത്യന്‍ സംഘത്തിന് വലിയ തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: