മലയാളത്തില്‍ മാത്രമല്ല തമിഴ് ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലും ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. കമല്‍ഹാസന്‍ നായകനായ ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനം ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഗാനം ഉപയോഗിച്ചിച്ചതെന്നായിരുന്നു ഇളയരാജയുടെ പരാതി. ഇപ്പോഴിതാ ഇളയരാജയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മഞ്ഞുമ്മല്‍ ടീം പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്.
ചിത്രം വമ്പന്‍ വിജയമായി മാറിയതിന് പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാല്‍, ഗുണ നിര്‍മ്മാതാക്കളുടെ അനുമതിയോടെയായിരുന്നു ഗാനം ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. രണ്ടുകോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടത്. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കുകയായിരുന്നു എന്നാണ് വിവരം. 1991ല്‍ സന്താനഭാരതി സംവിധാനം ചെയ്ത ഗുണയ്ക്ക് വേണ്ടി ഇളയരാജ ഒരുക്കിയ ഗാനമാണ് കണ്‍മണി അന്‍പോട് കാതലന്‍.