CrimeNEWS

ചുറ്റും സി.സി.ടി.വിയും സുരക്ഷാ ജീവനക്കാരും; എന്നിട്ടും കാസര്‍കോട് ജില്ലാ കോടതിയില്‍ കള്ളന്‍ കയറി

കാസര്‍കോട്: ജില്ലാ കോടതിയില്‍ കള്ളന്‍ കയറി. ചുറ്റിലുമുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറകളെയും സുരക്ഷാജീവനക്കാരെയും അവഗണിച്ചാണ് മുഖം മറച്ചെത്തിയ കള്ളന്‍ കോടതിയിലേക്ക് കയറിയത്. കോടതിക്ക് സമീപത്ത് ഒരു പോലീസ് സ്റ്റേഷനുമുണ്ട്. എന്നാല്‍ കള്ളന്‍ കോടതിയിലേക്ക് കടന്നത് ആരും അറിഞ്ഞില്ല. രേഖകള്‍ സൂക്ഷിക്കുന്ന റെക്കോഡ് മുറിയുടെ പൂട്ടുള്‍പ്പെടെ തകര്‍ത്ത കള്ളന്‍ സുരക്ഷാജീവനക്കാര്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. കോടതി ജീവനക്കാര്‍ രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് കോടതി കെട്ടിടത്തില്‍ കള്ളന്‍ കയറിയത്. കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുപയോഗിച്ച് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. കോടതിവരാന്ത മുഴുവന്‍ നടന്നെത്തിയതായും സംശയമുണ്ട്. ഒന്നാം നിലയില്‍ ജില്ലാ ജഡ്ജിയുടെ ചേംബറിന് പുറത്ത് കള്ളന്‍ കമ്പിപ്പാര പിടിച്ചുനില്‍ക്കുന്ന സി.സി.ടി.വി. ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരാള്‍ പ്രവേശനകവാടത്തിലൂടെ നടന്നുപോകുന്നതും ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളുമുണ്ട്.

Signature-ad

തിങ്കളാഴ്ച രാവിലെയാണ് താഴത്തെ നിലയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ റെക്കോര്‍ഡ് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്തത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ മുറിയുടെ പുറത്തുള്ള ഗ്രില്‍ താഴിട്ട് പൂട്ടാറില്ല. അകത്തെ വാതിലിന് മാത്രമാണ് താഴുള്ളത്. രാവിലെ തൂപ്പുജോലിക്കെത്തിയ ജീവനക്കാരിയാണ് പൂട്ട് പൊളിച്ചത് കാണുന്നത്. ഉടന്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

കോടതി അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെ വിദ്യാനഗര്‍ എസ്.ഐ. വി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണവും ആരംഭിച്ചു..പ്രാഥമിക പരിശോധനയില്‍ രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: