ലഖ്നൗ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിനെതിരേ ലഖ്നൗ നാക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ് ക്രൂരമായ ശാരീരികപീഡനത്തിനിരയായതെന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയതെന്നും യുവതിയുടെ പരാതിയിലുണ്ട്.
2015-ലാണ് ഗണേഷ് ഗഞ്ച് സ്വദേശിയായ യുവാവും പരാതിക്കാരിയും വിവാഹിതരായത്. 15 ലക്ഷം രൂപ സ്ത്രീധനം വിവാഹസമയത്ത് വരന്‍ ചോദിച്ചു വാങ്ങിയിരുന്നു. ചൈനയില്‍ ജോലിചെയ്തിരുന്ന വരന്‍ വിവാഹശേഷം അവിടേക്ക് മടങ്ങി. ഏറെ അഭ്യര്‍ഥിച്ചപ്പോള്‍ ഒരുമാസത്തിന് ശേഷം ഇയാള്‍ തിരിച്ചെത്തി. എന്നാല്‍, ഇതിനുശേഷം ദിവസവും മദ്യപിച്ച് മര്‍ദിക്കുന്നത് പതിവായി.
യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഉപദ്രവം വര്‍ധിച്ചു. ശേഷം ചൈനയിലേക്ക് പോയെങ്കിലും അവിടെവെച്ചും ഉപദ്രവം തുടര്‍ന്നു. കോവിഡ് കാലത്ത് നാട്ടിലേക്ക് വരുന്നതിനിടെ തന്റെ വിസയും രണ്ടുലക്ഷം രൂപയും ഭര്‍ത്താവ് കൈക്കലാക്കി. 2022 സെപ്റ്റംബറില്‍ ചൈനയിലേക്ക് മടങ്ങുമ്പോള്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടരലക്ഷം രൂപ കൂടി ഭര്‍ത്താവ് തട്ടിയെടുത്തെന്നും പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അപഹരിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഉപദ്രവം തുടര്‍ന്നതോടെ നേരത്തെ ലഖ്നൗവില്‍ തിരിച്ചെത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് ക്ഷമ ചോദിക്കുകയും പ്രശ്നം ഒത്തുതീര്‍പ്പാക്കുകയുംചെയ്തു. ഇതിനുശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് നാലാം തീയതിയാണ് വീണ്ടും ഭര്‍ത്താവിനൊപ്പം ചൈനയിലേക്ക് പോയത്. എന്നാല്‍, ചൈനയിലെത്തിയ ശേഷം ഭര്‍ത്താവിന്റെ പീഡനം തുടര്‍ന്നെന്നും അശ്ലീല വീഡിയോ കാണാന്‍ ഉള്‍പ്പെടെ നിര്‍ബന്ധിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്.
ചൈനയില്‍വെച്ച് സ്ത്രീധനമായി വീണ്ടും പണം ആവശ്യപ്പെട്ട് മര്‍ദിച്ചു. മറ്റൊരു യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും തന്നെ നിര്‍ബന്ധിച്ചു. ആഫ്രിക്കന്‍ സ്വദേശിയായ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനാണ് ഭര്‍ത്താവ് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും കൈയിലുള്ള പണമെല്ലാം തട്ടിയെടുക്കുകയുംചെയ്തു. തുടര്‍ന്ന് ജീവന് ഭീഷണിയാകുമെന്ന് തോന്നിയതോടെ എംബസിയില്‍ വിവരമറിയിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
എംബസിയുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു എംബസി അധികൃതരുടെ നിര്‍ദേശം. ഇതനുസരിച്ചാണ് യുവതി ലഖ്നൗവിലെ നാക്ക പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.