Life Style

ആകാംക്ഷയും ഉൽക്കണ്ഠയും അലട്ടുന്നുണ്ടോ…? വീട്ടിലെത്തും ഗുളികകൾ…! പക്ഷേ പാർശ്വഫലങ്ങൾ ഗുരുതരം

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

    ഹൃദയമിടിപ്പ് കൂടുന്നുണ്ടോ? അകാരണമായ ആകാംക്ഷയുണ്ടോ? ചെറിയ പേടിയോ അനാവശ്യ ചിന്തകളോ അലട്ടുന്നുണ്ടോ? ബീറ്റാ ബ്ലോക്കേഴ്‌സ് എന്ന ഗുളികകൾ ആണ് ലളിതമായ പരിഹാരമായി ഇപ്പോൾ പലരും കരുതുന്നത്. പ്രത്യേകിച്ചും നഗരങ്ങളിൽ. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഉത്തമോപാധി എന്ന നിലയ്ക്ക് പലരും ആശ്രയിക്കുന്ന ബീറ്റാ ബ്ലോക്കേഴ്‌സ്, ഇന്ത്യയിൽ പല പേരിലും മിശ്രിതത്തിലും വിപണിയിൽ ലഭ്യമാണ്.

ബീറ്റാ ബ്ലോക്കേഴ്‌സ് ലളിതമായ പരിഹാരമാണോ എന്ന് ചോദിച്ചാൽ അല്ല. ഡോക്‌ടറുടെ കുറിപ്പില്ലാതെ മരുന്നുകമ്പനികൾ ഇത്തരം ഗുളികകൾ ആവശ്യക്കാരുടെ മുന്നിലെത്തിക്കുന്നത് സാധാരണമായിട്ടുണ്ട്. വീട്ടിലിരിക്കുന്ന ‘രോഗി’യും എവിടെയോ ഇരിക്കുന്ന ഡോക്ടറും തമ്മിൽ ഓൺലൈൻ ആശയവിനിമയം സാധ്യമാക്കാനും മരുന്നുകമ്പനികൾ തയ്യാറാണ്. ലാളിത്യം അവിടെ തീർന്നു.

ഏതൊരു മരുന്നിനും ഉള്ളപോലെ പാർശ്വഫലങ്ങൾ ബീറ്റാ ബ്ലോക്കേഴ്‌സിനുമുണ്ട്. ഹൈപ്പർ ടെൻഷൻ, നെഞ്ചെരിച്ചിൽ, ചെന്നികുത്ത് തുടങ്ങി സ്റ്റേജിൽ കയറാൻ ഭയമുള്ളവർ വരെ ഗുളിക കഴിക്കുന്ന ശീലം പാർശ്വഫലങ്ങളിൽ കൊണ്ടെത്തിക്കും. തലകറക്കം, ഉദരരോഗങ്ങൾ, വൃക്കയുടെ ബലക്ഷയം തുടങ്ങിയവയാണ് സാധാരണ പാർശ്വഫലങ്ങൾ. ഓരോരുത്തരിലും ഓരോ രീതിയിലാണ് പ്രതിഫലിക്കുക.

ടെൻഷനുണ്ടാവുമ്പോൾ നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന അഡ്രിനാലിൻ ഹൃദയതാളം ദ്രുതഗതിയിലാവുന്നു; ശ്വാസമിടിപ്പ് വർദ്ധിക്കുന്നു; നമ്മൾ വിയർക്കുന്നു. ബീറ്റാ ബ്ലോക്കേഴ്‌സ് ഹൃദയതാളം നോർമൽ ആക്കുന്നു. നമുക്ക് ‘വ്യാജ’ ആശ്വാസം കിട്ടുന്നു.

വ്യാജമെന്ന് പറയാൻ കാരണം, ടെൻഷനുണ്ടാക്കുന്ന കാരണങ്ങൾ അവിടെത്തന്നെ നിൽക്കുകയും അതേക്കുറിച്ച് മനസിന് നല്ലപോലെ ബോധ്യവുമുള്ള സമയത്താണ് ശരീരത്തെ നമ്മൾ ഗുളിക കഴിച്ച് ‘പറ്റിക്കുന്നത്.’ ഈ ‘ഗുളികകാലം’ കഴിഞ്ഞാൽ ചിന്ത പിന്നെയും ടെൻഷൻ വഴിക്ക് പോവുകയും ശരീരം പിന്നെയും ലക്ഷണങ്ങൾ പ്രദർശിപ്പിക്കാനും തുടങ്ങും.

നമ്മൾ വീണ്ടും ഗുളിക ഓർഡർ ചെയ്യുന്നു. നമ്മുടെ മെഡിക്കൽ ഹിസ്റ്ററി അറിയാത്ത ഡോക്ടർ ‘ഓകെ’ പറയുന്നു. ചരിത്രം ആവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: