ഗുരുതര സാമ്പത്തിക തട്ടിപ്പ്; കുറ്റകൃത്യങ്ങള്‍; ഒമ്പത് സൈനിക ജനറല്‍മാരെ പുറത്താക്കി ചൈന; ചരിത്രത്തിലെ അസാധാരണ നടപടി; പുറത്താക്കിയവരില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍

ബീജിംഗ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്.
ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാർട്ടിയുടെ നയരൂപീകരണ സമിതിയായ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.
അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും.
സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ്, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിയാവോ ഹുവാ, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ ഹെ ഹോങ്ജുൻ, ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സെന്റർ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ വാങ് സ്യൂബിൻ, ഈസ്റ്റേൺ തിയേറ്റർ കമാൻഡർ ലിൻ സിയാങ്‌യാങ്, സൈന്യത്തിന്റെ പൊളിറ്റിക്കൽ കമ്മീഷണർ ക്വിൻ ഷുതോങ്, നാവികസേനയുടെ പൊളിറ്റിക്കൽ കമ്മീഷണർ യുവാൻ ഹുവാസി, റോക്കറ്റ് ഫോഴ്സ് കമാൻഡർ വാങ് ഹൗബിൻ, ആംഡ് പോലീസ് ഫോഴ്സ് കമാൻഡർ വാങ് ചണ്ണിങ് എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍.
സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയർമാനായ പ്രസിഡന്റ് ഷി ജിൻപിങ്ങിന് തൊട്ടുതാഴെ ചൈനീസ് സൈന്യത്തിലെ രണ്ടാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പുറത്താക്കപ്പെട്ട ഹെ വെയ്‌ഡോങ് . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പോളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്നു അദ്ദേഹം. ഇതോടെ അന്വേഷണം നേരിടുന്ന ആദ്യ പോളിറ്റ്ബ്യൂറോ അംഗമായി അദ്ദേഹം മാറി.
പാർട്ടിയുടെ അച്ചടക്കം ഗുരുതരമായ തോതില്‍ ലംഘിക്കുകയും, വലിയ തോതിലുള്ള പണമിടപാടുകളും കുറ്റകൃത്യങ്ങളും ഇവര്‍ക്കുമേല്‍ സംശയിക്കപ്പെടുകയും ചെയ്യുന്നതിനെത്തുടര്‍ന്നാണ് നടപടി. പുറത്താക്കപ്പെട്ട ഒമ്പത് പേരും സൈനികവിചാരണ നേരിടേണ്ടി വരുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നടപടി പാര്‍ട്ടിയുടേയും സൈന്യത്തിന്റേയും അഴിമതി വിരുദ്ധ പോരാട്ടത്തിലെ നിര്‍ണായ തീരുമാനമായേക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.
chinese-military-purge-china-corruption-party-dismissed-nine-high-level-officers






