വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ചിലര്‍ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ചൂരല്‍മലയില്‍ നിന്ന് 6 കിലോമീറ്ററിലധികം നടന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പുഞ്ചിരിമട്ടത്തേക്കും മുണ്ടക്കൈയിലേക്കും എത്തുന്നത്. പ്രദേശത്ത് എളുപ്പം ഭക്ഷണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൃത്യമായി തങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാത്തത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ പരാതി.
മണിക്കൂറുകള്‍ വൈകിയാണ് ഭക്ഷണം ലഭിച്ചതെന്നും വിതരണം ചെയ്തതില്‍ ചില ബ്രെഡ് പായ്ക്കറ്റുകള്‍ കാലാവധി കഴിഞ്ഞതാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ഇന്നലെ വൈകിട്ട് വരെ തങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം ലഭിച്ചിരുന്നു. ഭക്ഷണം കൊണ്ടുവരുന്നവരെ പൊലീസ് തടയുന്നുവെന്നും പരാതിയുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കഴിഞ്ഞ് മാത്രം ഭക്ഷണം വിതരണം ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പ് എന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര സര്‍ക്കാര്‍ പൂട്ടിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.
ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകര്‍ ഊട്ടുപുരയ്ക്ക് മുന്നില്‍ ഫ്ലക്സ് കെട്ടിയിട്ടുണ്ട്.