CrimeNEWS

ജീവിതം ആസ്വദിക്കാന്‍ പണം വേണം, പണത്തിന് മോഷണം നടത്തണം! കുടുംബസമേതം ലോഡ്ജില്‍ മുറിയെടുത്ത് ഓപ്പറേഷന്‍; പകല്‍ നാട്ടിലിറങ്ങി കവര്‍ച്ച, പ്രതി പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പ് ആന്തൂര്‍കാവിന് സമീപം ചെനാല്‍ തങ്കമണിയുടെ വീട് കുത്തിത്തുറന്ന് 2.80 ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവനും കവര്‍ന്ന കേസിലെ പ്രതി കന്യാകുമാരി സ്വദേശി കണ്ടല്‍ ഹൗസിലെ പി. ഉമേഷിനെ (ഉമേഷ് റെഡ്ഡി-47) പോലീസ് അറസ്റ്റുചെയ്തു. പ്രതിയില്‍നിന്ന് 70,000 രൂപ കണ്ടെടുത്തു. കുടുംബസമേതം ലോഡ്ജുകളില്‍ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പകലാണ് വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നത്. തുടര്‍ന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. ആന്തൂര്‍കാവിന് സമീപത്തെ സി.സി. ടി.വികള്‍ പരിശോധിച്ചു. ഇതില്‍നിന്ന് ലഭിച്ച ചിത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെത്തി. തുടര്‍ന്നാണ് ഉമേഷിനെ തിരിച്ചറിഞ്ഞത്.

Signature-ad

പ്രതി കണ്ണൂര്‍ തോട്ടടയിലെ ഒരു റിസോര്‍ട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: കവര്‍ച്ചയ്ക്ക് രണ്ടുദിവസം മുന്‍പ് കുടുംബത്തോടൊപ്പം പറശ്ശിനിക്കടവിലെത്തിയ പ്രതി ലോഡ്ജിലാണ് താമസിച്ചത്.

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേനയാണ് കവര്‍ച്ച നടത്താനുള്ള വീട് കണ്ടുവെക്കുക. തങ്കമണിയുടെ വീട്ടിലെത്തിയതും വ്യാജന്റെ വേഷത്തില്‍. പകല്‍ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. പണവും ആഭരണങ്ങളുമെടുത്തശേഷം പറശ്ശിനിയിലെത്തി മുറി ഒഴിവാക്കി കുടുംബവുമായി രക്ഷപ്പെടുകയായിരുന്നു.

ജീവിതം ആസ്വദിക്കാന്‍ കവര്‍ച്ച നടത്തി കുടുംബസമേതം ചുറ്റിക്കറങ്ങുന്നയാളാണ് പിടിയിലായ പി. ഉമേഷ് എന്ന ഉമേഷ് റെഡ്ഡി. ആന്തൂര്‍കാവിന് സമീപം ചെനാല്‍ തങ്കമണിയുടെ വീട് കുത്തിത്തുറന്ന് 2.80 ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവനും കവര്‍ന്ന കേസിലാണ് ഉമേഷ് അറസ്റ്റിലായത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായായി പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്താണ് മോഷണത്തിന് എത്തിയത്. സമാനരീതിയില്‍ ഗുരുവായൂര്‍ കേന്ദ്രീകരിച്ചും നിരവധി മോഷണങ്ങള്‍ നടത്തിയ കേസില്‍ പ്രതിയാണിയാള്‍.

ഭാര്യയെയും മക്കളെയും മുറിയിലാക്കി പകല്‍ ടി.വി., ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടന്നാണ് കവര്‍ച്ച നടത്തേണ്ട വീട് കണ്ടെത്തുന്നത്. ഇലക്ട്രീഷ്യനെന്ന വ്യാജേന ഒരാള്‍ നാട്ടില്‍ കറങ്ങിയ വിവരം നാട്ടുകാരില്‍നിന്ന് മനസ്സിലാക്കിയ അന്വേഷണസംഘം ആ വഴിക്ക് അന്വേഷണം നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്കെത്തി അറസ്റ്റ്‌ചെയ്തത്. മലയാളം നല്ലവണ്ണം സംസാരിക്കുന്ന ഇയാള്‍ സംശയം തോന്നാത്ത വിധത്തിലാണ് വീടുകളില്‍ ജോലിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ‘

തമിഴ്‌നാട്, ആന്ധ്ര, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോഷണം നടത്തിയിട്ടുള്ള ഇയാളുടെ പേരില്‍ മലപ്പുറം, വയനാട്, തൃശ്ശൂര്‍ ജില്ലകളിലാണ് കൂടുതല്‍ കേസുകളുള്ളത്. ഇതില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലാണ് കൂടുതല്‍ മേഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. അകത്തുകയറി വീടുകളുടെ അന്തരീക്ഷം പഠിച്ചെടുക്കാന്‍ സാധിക്കുമെന്നതിനാലാണ് റിപ്പയറിങ്ങിനായി വീടുകളില്‍ എത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: