മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി യു.പി.എസ്.സി പരീക്ഷ എഴുതിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കര്‍ ദുബൈയിലേക്ക് കടന്നതായി സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെയാണ് ഇവര്‍ വിദേശത്തേക്ക് കടന്നത്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.
ആഗസ്റ്റ് ഒന്നിനാണ് ഇവരുടെ ജാമ്യാപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നത്. കേസില്‍ വിശദമായ വാദം കേട്ട കോടതി ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിരാകരിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലും കോടതി ഉത്തരവിട്ടിരുന്നു. താന്‍ നിരപരാധിയാണ് എന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജൂലൈ 23ന് മൊസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ പരിശീലനത്തിന് ഹാജരാകാന്‍ പൂജയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തിയില്ല. ദിവസങ്ങള്‍ക്കകം യുപിഎസ്സി പൂജയുടെ പ്രൊവിഷണല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കി. ഭാവി പരീക്ഷകളില്‍ നിന്ന് വിലക്കുകയും ചെയ്തു.
അതിനിടെ, ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ഷകനു നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ക്ക് പൂനെ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ഇവര്‍. ഇതേ കേസില്‍ പ്രതിയായ അച്ഛന്‍ ദിലീപ് ഖേദ്കര്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ഒളിവിലാണ്.
കോടികളുടെ ആസ്തിയുണ്ടായിട്ടും യുപിഎസ്സി പരീക്ഷ എഴുതാന്‍ ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി, കാഴ്ചവൈകല്യം ഉണ്ടെന്ന് രേഖയുണ്ടാക്കി തുടങ്ങിയവയാണ് പൂജയ്ക്കെതിരെയുള്ള ആരോപണങ്ങള്‍. പൂജയുടെ ഐഎഎസ് റദ്ദാക്കിയതിന് പിന്നാലെ സര്‍വിസിലുള്ള ആറ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ യുപിഎസ്സി നിരീക്ഷണത്തിലാണ്. ഇവര്‍ ഹാജരാക്കിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നാണ് കമ്മിഷന്‍ പരിശോധിക്കുന്നത്.