തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുണ്ടായ വിമര്‍ശനം ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിക്ക് സാദ്ധ്യത. ഇതു സംബന്ധിച്ച് അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കും കോണ്‍ഗ്രസിനും മികച്ച വിജയം നേടാനായ അനുകൂല അന്തരീക്ഷത്തെ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് മൂലം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലയാണ് ഹൈക്കമാന്റിന്.പഴുതടച്ച അന്വേഷണ റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിക്ക് നല്‍കാനാണ് നിര്‍ദ്ദേശം.
സംസ്ഥാനത്തെ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് നിരന്തരമായി പൊടിപ്പും തൊങ്ങലും വെച് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നതില്‍ എ.ഐ.സി.സിക്ക് അതൃപ്തിയുണ്ട്. പല തവണ ഇതിനെതിരെ താക്കീത് നല്‍കിയതാണ്. വാര്‍ത്ത ചോര്‍ത്തല്‍ വിവാദം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കരുതെന്നും, വയനാട് ക്യാമ്പിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തരുതെന്നും സംസ്ഥാനത്തിന്റെ ചുമതല എ.ഐ.സി.സി നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഭരണ വിരുദ്ധവികാരം മുതലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ വിജയം നേടാനാവുമെന്നായിരുന്നു വയനാട് ക്യാമ്പിലെ വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ യു.ഡി.എഫിനുള്ള മേല്‍ക്കൈ നഷ്ടമാകുന്ന തരത്തിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ പോര് നീങ്ങുന്നതെന്ന ചില പരാതികളും കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ചേരിപ്പോര് പരിഹരിക്കാനുള്ള അടിയന്തര നീക്കങ്ങളും എ.ഐ.സി.സിയില്‍ നിന്നുണ്ടായേക്കും.