മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ സുരേഷ് ഗോപി ഇന്ന് സിനിമയേക്കാളും രാഷ്ട്രീയത്തിലേക്കാണ് ശ്രദ്ധ നല്‍കുന്നത്. സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് സിനിമാ ലോകത്ത് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം താരമൂല്യമുള്ള നടനാണ് സുരേഷ് ഗോപി. എന്നാല്‍ പലപ്പോഴും കരിയറില്‍ ചില വീഴ്ചകള്‍ ഇദ്ദേഹത്തിന് സംഭവിച്ചു. പൊലീസ് വേഷങ്ങളില്‍ സുരേഷ് ഗോപി തളയ്ക്കപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ വലിയ ഇടവേളയും കരിയറില്‍ വന്നു.
പല ഹിറ്റ് സിനിമകളും സുരേഷ് ഗോപിക്ക് നഷ്ടമായിട്ടുണ്ട്. ഇതിലൊന്നാണ് സിദ്ദിഖ്-ലാല്‍ ചിത്രം ഫ്രണ്ട്സ്. ജയറാം ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. എന്നാല്‍ നടന് ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ല. ആദ്യം സമ്മതം പറഞ്ഞെങ്കിലും പിന്നീട് താരം പിന്മാറുകയാണുണ്ടായത്. ഇതേക്കുറിച്ച് അന്തരിച്ച സംവിധായകന് സിദ്ദിഖ് മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
സിനിമ വിഷുവിന് റിലീസ് ചെയ്യുമെന്ന് കാര്‍ഡ് അടിക്കണം. മുകേഷും ശ്രീനിവാസനും സുരേഷ് ഗോപിയും കൂടെ ഫോട്ടോ എടുക്കണം. സുരേഷ് ഗോപി ഇവരെ രണ്ട് പേരെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് നില്ക്കുന്ന ഫോട്ടോ. ഫോട്ടോ എടുക്കാന്‍ മൂന്ന് പേരെയും ഒരുമിച്ച് കിട്ടിയില്ല. അവസാനം കാര്‍ഡ് അടിക്കേണ്ട ദിവസം വന്നപ്പോള്‍ ഫോട്ടോ ഇതുവരെ എടുക്കാന്‍ പറ്റിയിട്ടില്ല. അങ്ങനെയാണെങ്കില്‍ വരപ്പിക്കാം എന്ന് പറഞ്ഞു. ഒരു കാര്‍ട്ടൂണിസ്റ്റിനെ കൊണ്ടാണ് വരപ്പിച്ചത്. പക്ഷെ ആരെയും കണ്ടാല്‍ മനസിലാവുന്നില്ല.
മാറ്റി വരക്കാനുള്ള സമയവും ഇല്ല. കാരണം നാളെ പ്രിന്റിംഗിന് പോയാലെ കാര്‍ഡ് കിട്ടൂ. ഫോട്ടോയുടെ താഴെ എല്ലാവരുടെയും പേര് എഴുതാന്‍ തീരുമാനിച്ചു. ആദ്യം നില്‍ക്കുന്നത് മുകേഷാണ്. മുകേഷിന്റെ പേര് ആദ്യം എഴുതി. ഈ കാര്‍ഡ് ആരോ സുരേഷ് ഗോപിയെ കാണിച്ച് തെറ്റദ്ധരിപ്പിച്ചു. നീയല്ല മെയിന്‍ റോള്‍ മുകേഷാണ് എന്ന് പറഞ്ഞു. സുരേഷ് നേരിട്ട് വിളിച്ച് ചോദിച്ചില്ല. അന്ന് മമ്മൂക്കയും ലാലും സുരേഷും ഏതാണ്ട് ഒപ്പം നില്ക്കുന്ന താരങ്ങളാണെന്നും സിദ്ദിഖ് അന്ന് ചൂണ്ടിക്കാട്ടി.
ഡേറ്റ് പറയാന്‍ വേണ്ടി ചെല്ലുമ്പോള്‍ സുരേഷ് ഗോപി പറഞ്ഞു, അത് ആലോചിക്കണം, വിഷുവിന് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അതിന് മുമ്പ് അരോമയുടെ പടം ഏറ്റിട്ടുണ്ടെന്നും പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് സുരേഷ് ഗോപിയെ ഞങ്ങള്‍ സമീപിച്ചത്. സുരേഷ് ഗോപിയെ മാറ്റാമെന്ന് താനും ലാലും തീരുമാനിച്ചു. അഭിനയിക്കാന്‍ പറ്റില്ലെന്ന് നടന് തീര്‍ത്ത് പറഞ്ഞിരുന്നെന്നും സിദ്ദിഖ് ഓര്‍ത്തു.