കാസര്‍ഗോഡ്: ചെമ്മീന്‍വില കുത്തനെ ഇടിഞ്ഞതിനാല്‍ ചാകരയുടെ ഗുണം തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കിട്ടിയില്ല. കിലോയ്ക്ക് 220 മുതല്‍ 280 രൂപവരെ കിട്ടിയിരുന്ന പൂവാലി ചെമ്മീന് വില നേര്‍പകുതിയായി. കൊച്ചിയിലെ മത്സ്യസംഭരണ കേന്ദ്രങ്ങളിലെത്തിച്ചാല്‍ ഈ തുകയും തത്സമയം കിട്ടുന്നില്ല. മീന്‍ കയറ്റി അയച്ചശേഷം വില തരാമെന്ന നിലപാടാണിപ്പോള്‍.
കഴിഞ്ഞദിവസങ്ങളില്‍ കൊച്ചിയിലെത്തിച്ച ചെമ്മീന് കിലോയ്ക്ക് 90 മുതല്‍ 120 രൂപവരെയാണ് വിലയിട്ടതെന്ന് ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യന്‍ ചെമ്മീന്‍ വാങ്ങുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്. പ്രതിസന്ധി മറികടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നാലുദിവസം മടക്കര തുറമുഖത്ത് ചെമ്മീന്‍ ചാകരയായിരുന്നു ട്രോളിങ് നിരോധനവും കടലേറ്റവും കാരണം നിശ്ചലമായ തുറമുഖത്ത് വീണ്ടും ആളനക്കമായി. കടലില്‍ പോയ വള്ളങ്ങള്‍ നിറയെ പൂവാലിയുമായാണ് തീരത്തണഞ്ഞത്. 2000 കിലോ ചെമ്മീന്‍ കിട്ടിയ വള്ളങ്ങളുണ്ട്. മീന്‍ തുറമുഖത്തിറക്കിയ ശേഷം വീണ്ടും കടലിലേക്ക് പോയ വള്ളങ്ങളുണ്ട്.
ചെമ്മീന്‍ ചാകരയുടെ ഗുണം പഴയപോലെ തൊഴിലാളികള്‍ക്ക് കിട്ടിയില്ല. ആദ്യദിവസം 120 രൂപവരെ കിട്ടിയിരുന്നത് നാലാം ദിവസമായപ്പോഴേക്കും 90 രൂപയായി. ചെമ്മീന്‍ ധാരാളമുണ്ടെന്നും വിലക്കുറവാണെന്നും അറിഞ്ഞ് നാടിന്റെ പലഭാഗങ്ങളില്‍നിന്നും മീന്‍വാങ്ങാന്‍ ആളുകള്‍ എത്തിയതോടെ തുറമുഖത്തും ലേലപ്പുരയിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റും മഴയും കാരണം വള്ളങ്ങള്‍ക്ക് അഴിമുഖം കടക്കാനായില്ല. കടലില്‍ പോകാനായി വള്ളങ്ങളുമായെത്തിയ തൊഴിലാളികള്‍ മടങ്ങി. നാലുദിവസത്തെ ആഹ്ലാദം അഞ്ചാംനാള്‍ നിരാശയായി. നാലുദിവസം ആള്‍ത്തിരക്കേറിയ തുറമുഖം വ്യാഴാഴ്ച ശൂന്യമായിരുന്നു. 31-ന് ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ കടലിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികള്‍.