എറണാകുളം: കോലഞ്ചേരി മഴുവന്നൂര്‍ സെന്റ് തോമസ് പള്ളിയിലും കോതമംഗലം പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയിലും കോടതി വിധി നടപ്പാക്കാനുള്ള പൊലീസിന്റെ നീക്കം വിശ്വാസികളുടെ എതിര്‍പ്പു മൂലം തടസ്സപ്പെട്ടു. മഴുവന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടി ഞായറാഴ്ച വൈകിട്ട് 5നു പള്ളി കവാടത്തില്‍ എത്തിയ പൊലീസ് ഇന്നലെ ഉച്ചയ്ക്ക് 11.45ന് പിന്‍വാങ്ങി. ഗേറ്റ് പൂട്ടിയിരുന്ന ചങ്ങല അഗ്‌നിരക്ഷാ സേന മുറിച്ചു മാറ്റുന്നതിനിടയില്‍ പൊലീസുമായുള്ള ഉന്തിലും തള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാക്കോബായ സഭാ വിശ്വാസികളായ 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9.30ന് എഎസ്പി: മോഹിത് റാവത്തിന്റെ നേതൃത്വത്തിലാണു പൂട്ട് പൊളിച്ച് അകത്തു കയറാന്‍ ശ്രമം നടത്തിയത്. ഗേറ്റുകള്‍ ബന്ധിച്ച ചങ്ങലകള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചു മാറ്റിയെങ്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ ചെറുത്തുനില്‍പിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് പൊലീസ് എത്തുമ്പോള്‍ പ്രാര്‍ഥനയുമായി വിശ്വാസികള്‍ പള്ളിക്കകത്ത് ഉണ്ടായിരുന്നു. യാക്കോബായ സഭയുടെ മേഖല മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ അപ്രേം, മാത്യൂസ് മാര്‍ തിമോത്തിയോസ്, വൈദിക ട്രസ്റ്റി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ, അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു. ഇരുനൂറോളം പൊലീസുകാരെയും വിന്യസിച്ചു.
പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയില്‍ പ്രവേശിക്കാനുള്ള പൊലീസ് നടപടികള്‍ക്കിടെ 2 സ്ത്രീകള്‍ കുഴഞ്ഞുവീഴുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു കൈമാറണമെന്ന വിധി നടപ്പാക്കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്കു കൈമാറണമെന്നു ജൂലൈ 8നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണു പൊലീസ് സംഘം ഞായര്‍ വൈകിട്ടു പള്ളിയിലെത്തിയത്.
യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയില്‍ സംഘടിച്ചു ചെറുത്തുനില്‍പു നടത്തി. ഇന്നലെ രാവിലെ കൂടുതല്‍ പൊലീസും റവന്യു അധികൃതരുമെത്തി പള്ളി ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങി. വിശ്വാസികള്‍ അകത്തുനിന്നു ഗേറ്റ് പൂട്ടി പ്രതിരോധിച്ചു. അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ ഗേറ്റ് മുറിച്ചു നീക്കാന്‍ ശ്രമം നടത്തി. സ്ത്രീകളും കുട്ടികളും ഗേറ്റില്‍ കൈകോര്‍ത്തു പിടിച്ച് ഇതു തടഞ്ഞു. ഇതിനിടെ, കുഴഞ്ഞുവീണ ഏളേക്കാട്ട് ഗ്രേസി തങ്കച്ചന്‍, കൊടക്കപ്പറമ്പില്‍ കുഞ്ഞുമോള്‍ ബാബു, കൈക്കു പരുക്കേറ്റ അള്ളുങ്കല്‍ ലിസി വര്‍ഗീസ് എന്നിവരെ ആശുപത്രിയിലേക്കു മാറ്റി. സ്ത്രീകളും കുട്ടികളും ചെറുത്തു നിന്നതോടെ പൊലീസ് പിന്‍വാങ്ങി. മൂവാറ്റുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, ഡിവൈഎസ്പി പി.എം. ബൈജു എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.