ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്! ശക്തമായ പ്രതികരണവുമായി ഭാമ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വാചകങ്ങള്‍ വൈറലാകുന്നു. ശക്തമായ ഭാഷയില്‍ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്.
‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ആ വരി മുഴുമിപ്പിക്കാതെ ഭാമ അവസാനിപ്പിച്ചു.
ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ പല ഊഹാപോഹങ്ങളുമുണ്ട്. നേരത്തെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്.
‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും.’ മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ അന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ചതിങ്ങനെ.
ഭാമയും ഭര്‍ത്താവ് അരുണും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഭാമ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഒഴിവാക്കിയതും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയതും സംശയം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചിരുന്നില്ല.
2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയില്‍ നിന്നും പിന്‍മാറി. ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ ഗൗരിയെക്കുറിച്ച് ഭാമ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും പൊടുന്നനെ ഭാമയുടെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഭര്‍ത്താവ് അരുണ്‍ അപ്രത്യക്ഷമാവുകയായിരുന്നു.