മന്ത്രിസഭാ പട്ടിക ഞായറാഴ്ച ഗവർണർക്ക് കൈമാറും…’ഞാനും വി.ഡി. സതീശനും എന്നും കാണുന്നവരാണ്, ഞങ്ങളെ തൊട്ടുനോക്കിയാൽ വരിക കോൺഗ്രസ് രക്തമാണ്, പാർട്ടി തീരുമാനം പറഞ്ഞാൽ അതിൽ അടിയുറച്ച് പോരാടുക എന്നതാണ് ലക്ഷ്യം’- കെസി വേണുഗോപാൽ!! ‘എന്തിനെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കൾ’- വി ഡി സതീശൻ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കും. താനും വി.ഡി. സതീശനും എന്നും കാണുന്നവരാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അതേസമയം വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ നടന്ന മുഖ്യമന്ത്രി ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളെ തൊട്ടുനോക്കിയാൽ വരുന്നത് കോൺഗ്രസ് രക്തമാണ്. പാർട്ടി തീരുമാനം പറഞ്ഞാൽ അതിൽ അടിയുറച്ച് പോരാടുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി സർക്കാരിനെ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ഈ നാട്ടിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും ഒരുപാട് പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള ദൗത്യമാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിലേക്ക് വന്നിരിക്കുന്നത്. അദ്ദേഹം അത് നിർവ്വഹിക്കുമ്പോൾ പൂർണ പിന്തുണ നൽകുക എന്ന ഉത്തരവാദിത്വമായിരിക്കും ഞാൻ നിർവ്വഹിക്കുക’- കെ.സി. വേണുഗോപാൽ പറഞ്ഞു. അതുപോലെ രാഷ്ട്രീയത്തിൽ വന്ന കാലംതൊട്ട് സൗഹൃദമുള്ളവരാണ് ഞങ്ങൾ. ഇടക്ക് ഒന്നിച്ച് യാത്രചെയ്യാറുണ്ട്. ചർച്ചകളൊക്കെ നടക്കും. എല്ലാവരേയും ഒന്നിപ്പിക്കുന്ന ഒരേയൊരു കണ്ണിയാണ് കോൺഗ്രസെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
എന്തിനെങ്കിലുംവേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്ന് വി.ഡി. സതീശൻ പറഞ്ഞു. എല്ലാ കാര്യങ്ങളും കൂടിയാലോചിക്കും. മന്ത്രിസഭയുടെ പട്ടിക ഞായറാഴ്ച ഉച്ചയ്ക്ക് ഗവർണർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസിന്റെ സുപ്രധാന സംഘടനാ സ്ഥാനത്ത് ഇരിക്കുന്നയാളാണ് കെ.സി. വേണുഗോപാൽ. ഞങ്ങൾ ഒരേ കോളേജിൽ പഠിച്ച്, സൗഹൃദം പങ്കിട്ട്, ഒരുമിച്ച് ലോകം മുഴുവൻ യാത്ര ചെയ്തവരാണ്. കേന്ദ്രമന്ത്രിയായും സംസ്ഥാന മന്ത്രിയായും പ്രവർത്തിച്ചയാളാണ് കെ.സി. എല്ലാ കാര്യങ്ങളും കൂടിയാലോചിച്ചശേഷമേ ചെയ്യൂ. പത്തുമിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു വിഷയവും ഇല്ല. അദ്ദേഹം പറയുന്നതുതന്നെ ആയിരിക്കും ഞാനും പറയുന്നത്. എനിക്കെന്തെങ്കിലും തെറ്റിയാൽ അദ്ദേഹം അത് തിരുത്തും. വാശിപിടിക്കുന്ന ആളുകളല്ല. ദയവുചെയ്ത് അത്രമോശമായി കാണല്ലേയെന്നും വി.ഡി. സതീശൻ പറഞ്ഞു. വളരെ വേഗത്തിൽ തീരുമാനമെടുക്കാൻ പറ്റുന്ന പാർട്ടി നേതൃത്വം കോൺഗ്രസിനുണ്ടെന്നും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ നടത്തുമെന്ന് ആരും വിചാരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






